കൊച്ചി: കാന്‍സര്‍ മരുന്നുകളടക്കമുള്ള ജീവന്‍-രക്ഷാമരുന്നുകള്‍ക്ക് നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി ഗായകന്‍ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘടന ഹൈക്കോടതിയില്‍. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്കു ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
വിപണിയില്‍ ലഭ്യമായ മരുന്നുകള്‍ കിട്ടാത്തതുകൊണ്ട് ഒരാളും മരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. മരുന്നുകളുടെ വില കുറയാന്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നയരൂപീകരണം നടത്തുന്നുണ്ടെങ്കിലും അതു ഫലപ്രദമായി നടപ്പാക്കുന്നില്ല. മരുന്നുകളുടെ വില മൂലം കാന്‍സര്‍ രോഗികള്‍ നേരിടുന്ന പ്രശ്‌നം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
കാന്‍സര്‍ മരുന്നുകളെയും മറ്റു ജീവന്‍ രക്ഷാ മരുന്നുകളെയും കേന്ദ്ര നികുതിയില്‍നിന്നും ഇറക്കുതി, എക്‌സൈസ് തീരുവകളില്‍നിന്നും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.