ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വൈഎസ്ആർ തെലങ്കാന പാർട്ടി. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും വൈഎസ്ആർടിപി നേതാവ് വൈ.എസ്.ശർമിള അറിയിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് ഗുണകരമാകുന്നവിധം തിരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് ഈ തീരുമാനമെന്നും ശർമിള അറിയിച്ചു.
ചന്ദ്രശേഖര റാവുവിന്റെ അഴിമതിയും ജനവിരുദ്ധ ഭരണവും അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് പാർട്ടി ഇത്തരത്തിൽ ഒരു ത്യാഗത്തിനു തയാറായതെന്നും ശർമിള കൂട്ടിച്ചേർത്തു. ‘‘സർവേയും മറ്റു റിപ്പോർട്ടുകളും പ്രകാരം, ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിവിധ മണ്ഡലങ്ങളിലെ കോൺഗ്രസിന്റെ വോട്ട് വിഹിതത്തെ നേരിട്ടു ബാധിക്കും.
അതിനാൽ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്നൊരു ത്യാഗം ഞങ്ങൾ ചെയ്യുന്നു. സംസ്ഥാനത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കുന്നതിനും ഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണുന്നതിനും വേണ്ടിയാണ് ഈ നീക്കം’’– ശർമിള അറിയിച്ചു. നവംബർ 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ് ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും
നേരത്തെ കോൺഗ്രസിൽ ലയിക്കാനോ കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനോ ഉള്ള സന്നദ്ധത അറിയിച്ചിട്ടും നേതൃത്വത്തിൽനിന്നു യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അവർ വെളിപ്പെടുത്തിയിരുന്നു. തെലങ്കാനയിലെ മുഴുവൻ സീറ്റിലും (119) സ്വന്തം സ്ഥാനാർഥികളെ നിർത്തുമെന്ന് ഷർമിള പ്രഖ്യാപിച്ചിരുന്നു.
ആന്ധ്ര മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകളായ ഷർമിള പലൈർ മണ്ഡലത്തിൽ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഭർത്താവ് അനിൽ കുമാറും അമ്മ വിജയമ്മയും തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന സൂചനയും ഷർമിള നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മത്സരരംഗത്തേക്ക് ഇല്ലെന്ന തീരുമാനത്തിലാണ് ശർമിളയും പാർട്ടിയും.