തിരുവനന്തപുരം: ഡല്‍ഹി തിരുവനന്തപുരം ട്രെയിനില്‍ മോഷണം നടത്തിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്തുവിട്ടു. അഗ്‌സര്‍ ബാഗ്ഷാ എന്ന സ്ഥിരം കുറ്റവാളിയാണ് മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. അഗ്‌സറിനെതിരെ സമാന കേസുകള്‍ നേരത്തെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തില്‍ ലഹരി മരുന്ന് കലര്‍ത്തിയാണ് ഇവരെ ബോധരഹിതരാക്കിയെന്നാണ് സംശയം.മോഷണത്തിനിരയായ വീട്ടമ്മയുടെയും മകളുടെയും മൊഴി രേഖപ്പെടുത്തി.
മൂന്ന് സ്ത്രീകളില്‍ നിന്നായി സ്വര്‍ണവും മൊബൈല്‍ ഫോണും അടക്കം കവര്‍ന്നിരുന്നു. ചെങ്ങന്നൂരില്‍ ഇറങ്ങേണ്ടതായിരുന്ന വിജയലക്ഷ്മി മകള്‍ അഞ്ജലി, ആലുവയില്‍ ഇറങ്ങേണ്ട കൗസല്യ എന്നിവരാണ് മോഷണത്തിനിരയായത്. വിജയലക്ഷ്മി അസ്ഗറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ കമ്പാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്നുവെന്നും ഭക്ഷണം പുറത്തു വച്ച് കൈ കഴുകാന്‍ പോയി തിരിച്ചു വരുമ്പോള്‍ ഇയാള്‍ തന്റെ ബാഗിലേക്ക് എന്തോ ഇട്ടതായും വിജയലക്ഷ്മി പറയുന്നു. യാത്രക്കിടെ ഇയാള്‍ തങ്ങളെ ശ്രദ്ധിച്ചിരുന്നതായും വിജയലക്ഷ്മി പറയുന്നു.
തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസിലാണ് ഞെട്ടിക്കുന്ന കവര്‍ച്ച അരങ്ങേറിയത്. മൂന്ന് സ്ത്രീകളെയാണ് ബോധം കെടുത്തി കവര്‍ച്ചയ്ക്ക് ഇരകളാക്കിയത്. ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിജയലക്ഷ്മി മകള്‍ അഞ്ജലി എന്നിവരുടെ പത്ത് പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.
കൗസല്യയുടെ കമ്മലാണ് നഷ്ടമായത്. മൂവരും ഡല്‍ഹിയില്‍ നിന്നാണ് ട്രെയിന്‍ കയറിയത്. സേലത്തിനും കോയമ്പത്തൂരിനും ഇടയ്ക്ക് വച്ചാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ മൂവരേയും ബോധരഹിതരായി ട്രെയിനില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
അമ്മയും മകളും ഒരു ബോഗിയിലും ആലുവ സ്വദേശിയായ സ്ത്രീ മറ്റൊരു ബോഗിയിലുമാണ് കിടന്നിരുന്നത്.ട്രെയിനില്‍ നിന്ന് ഇവരെ ഉടന്‍ തന്നെ തൈക്കാട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം രാജലക്ഷ്മിയ്ക്ക് ബോധം തെളിഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കാണാതായെന്ന് മനസിലായത്.ഇതുസംബന്ധിച്ച് പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് കോയമ്പത്തൂരിനും സേലത്തിനും ഇടയില്‍ വച്ച് മോഷണം നടന്നിട്ടുണ്ടാകാം എന്ന സൂചനകള്‍ ലഭിച്ചത്.
കോയമ്പത്തൂരിലെത്തും മുന്‍പ് മയക്കം വന്നതായി വിജയലക്ഷ്മി നല്‍കിയ മൊഴിയില്‍ പറയുന്നു. സേലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഭക്ഷണം വാങ്ങിയിരുന്നുവെന്നും അതിന് ശേഷമാണ് മയക്കം വന്നതെന്നും മൊഴിയില്‍ പറയുന്നു.മയക്കുമരുന്ന കലര്‍ത്തിയ ഭക്ഷണം മനപ്പൂര്‍വം നല്‍കിയ ശേഷമായിരിക്കാം മോഷണം നടന്നത് എന്നാണ് പൊലീസ് പറയുന്നത്. വിജയലക്ഷ്മിയും മകളും കായംകുളം റെയില്‍വേ സ്റ്റഷനിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്. കൗസല്യ ആലുവയിലും. ബോധരഹിതരായി കിടന്നതിനാല്‍ മൂവരും തിരുവനന്തപുരത്ത് എത്തുകയായിരുന്നു.