ബംഗളുരു: ആശുപത്രികളില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു, ആശുപത്രി മുറ്റത്തു കുഞ്ഞ് മരിച്ചു. മെട്രോ നഗരമായ ബംഗളുരുവില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കൊവിഡ് രോഗികള്‍ നിറഞ്ഞതിനാലും പല ആശുപത്രികളും കൊവിഡ് രോഗികള്‍ക്കു മാത്രമായി മാറ്റിവച്ചതിനാലും യുവതിയെ മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കാതെ മടക്കുകയായിരുന്നു.
ശ്രീരാംപുര ഗവ. ആശുപത്രി, വിക്ടോറിയ ആശുപത്രി, വാണിവിലാസ് തുടങ്ങിയ ആശുപത്രികളിലാണ് യുവതി ഓട്ടോയില്‍ എത്തിയത്. ഒടുവില്‍ കെ.സി ജനറല്‍ ആശുപത്രി മുറ്റത്ത് ഓട്ടോയില്‍ യുവതി പ്രസവിക്കുകയായിരുന്നു. ഉടന്‍ ചികിത്സ കിട്ടാത്തതിനെ തുടര്‍ന്നു കുഞ്ഞു മരിക്കുകയും ചെയ്തു.
പുലര്‍ച്ചെ മൂന്നു മുതല്‍ ആശുപത്രി അന്വേഷിച്ച് ഒടുവില്‍ ആറു മണിക്കൂറിനുശേഷമാണു യുവതി പ്രസവിക്കുന്നതും കുഞ്ഞ് മരിക്കുന്നതും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണു സംഭവം സംബന്ധിച്ചു ട്വീറ്റ് ചെയ്തത്. പത്തു ദിവസത്തിനിടെ സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ സമാന സംഭവമാണിത്.