ബംഗളൂരു: ഗ്രാമത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ആളുകളുടെ വിവാഹം നടക്കുന്നില്ലെന്ന് പരാതിപ്പെട്ട് യുവതി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് കത്തെഴുതി. ദേവംഗരെ ജില്ലയിലെ എച്ച് രാംപുര ഗ്രാമത്തിലെ സ്‌കൂള്‍ ടീച്ചര്‍ ബിന്ദുവാണ് പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
ഗ്രാമത്തിലെ മോശപ്പെട്ട റോഡുകള്‍ കാരണം യുവതികളുടെയും യുവാക്കളുടെയും വിവാഹം മുടങ്ങുന്നെന്നാണ് പ്രധാന പരാതി. എത്രയും വേഗത്തില്‍ റോഡുകള്‍ നന്നാക്കി തരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഗ്രാമത്തിലെ മറ്റ് പ്രശ്നങ്ങളും ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ ഗ്രാമത്തിലേക്ക് നല്ല ഗതാഗത സൗകര്യമില്ല. ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. നല്ല റോഡുകളില്ലാത്തതിനാല്‍ ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമില്ലെന്ന ധാരണയാണ് പുറത്തുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ വിവാഹാലോചനകള്‍ വരുന്നില്ല’- ബിന്ദു കത്തില്‍ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കി.