ചിറയിന്‍കീഴ്: കൊവിഡ് വാക്സിന്‍ എടുത്തതിന് പിന്നാലെയുള്ള സഹപ്രവര്‍ത്തകരുടെ പരിഹാസത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെണ്‍മതിയില്‍ ആനിയെന്ന 48കാരിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
മരണത്തില്‍ അസ്വാഭാവിക മരണത്തിന് അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ആനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ഓഫീസില്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതില്‍ അപ്പുറമാണെന്നും കുടുംബാംഗങ്ങളെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ, തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി പിന്നീടാണു റവന്യു കമ്മിഷണര്‍ ഓഫീസില്‍ ജോലിക്ക് എത്തുന്നത്. അടുത്തിടെ കൊവിഡ് വാക്സീന്‍ എടുത്തതിന്റെ പേരില്‍ ഓഫീസിലെ ചിലര്‍ കളിയാക്കുന്ന തരത്തില്‍ പ്രതികരിച്ചിരുന്നതായി പറയുന്നു.
ഇതിന്റെ പേരില്‍ ഓഫീസിലെ സഹപ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും ഡയറിയില്‍ കുറിച്ചിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം. ഭര്‍ത്താവ് തൃലോചനനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. മക്കള്‍: വിഷ്ണു, പാര്‍വതി(ഇരുവരും വിദ്യാര്‍ഥികള്‍).