ജോലിക്കെത്തിയ വീട്ടില്‍ നിന്ന് രണ്ടാം ദിവസം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത് മുങ്ങിയ യുവതി പിടിയില്‍

കൊച്ചി: ജോലിക്കെത്തിയ വീട്ടില്‍ നിന്നു രണ്ടാം ദിവസം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. ചോറ്റാനിക്കര തലക്കോട് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശി സുനിത സുനിലിനെ(38)യാണ് നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ഇടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി വഴിയാണു യുവതി ദേശാഭിമാനി ജംഗ്ഷന് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയത്. ഇവിടെ എത്തി രണ്ടാമത്തെ ദിവസം ഉച്ചയോടെ വീട്ടില്‍ നിന്നു പോയ ജോലിക്കാരി പിന്നീടു മടങ്ങി വന്നില്ല. വീട്ടുടമ ചോദിച്ചപ്പോള്‍ മക്കള്‍ക്കു സുഖമില്ല എന്നായിരുന്നു യുവതി പറഞ്ഞത്. തുടര്‍ന്ന് 2 ദിവസം കഴിഞ്ഞാണ് അലമാരയില്‍ നിന്ന് ആഭരണങ്ങളും 10,000 രൂപയും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ തനിക്ക് ഒന്നും അറിയില്ലെന്നും പരാതിയില്‍ പറയുന്ന സമയത്തു ഏറ്റുമാനൂരില്‍ കോണ്‍വന്റില്‍ താമസിക്കുന്ന മക്കളുടെ കൂടെ ആയിരുന്നെന്നും സുനിത പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇവര്‍ അവിടെ ചെന്നിട്ടില്ലെന്നും ആഭരണങ്ങള്‍ പണയം വച്ചെന്നും സൂചന കിട്ടി. നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സിബി ടോം, എസ്‌ഐ വി.ബി. അനസ് എഎസ്‌ഐ വിനോദ് കൃഷ്ണ, സിപിഒമാരായ ശ്യാമ, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News