കൊവിഡ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി മൂലം; പത്ത് മാസത്തിനിടെ മരിച്ചത് 133 പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മൂലം മരണപ്പെടുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടെ 133 പേരാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എലിപ്പനി ബാധയും മരണ നിരക്കും വളരെ കൂടുതലാണ്. മുന്‍വര്‍ഷം 1211 പേര്‍ക്ക് എലിപ്പനി ബാധിക്കുകയും 57 പേര്‍ മരിക്കുകയും ചെയ്തെങ്കില്‍ ഇക്കൊല്ലം നവംബര്‍ ആദ്യവാരംവരെയുള്ള മരണസംഖ്യ 133 ആയി.
109 മരണങ്ങള്‍ എലിപ്പനിയെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചവരാണ്. രോഗം അന്തിമമായി സ്ഥിരീകരിക്കാനുള്ള 1677 പേര്‍ അടക്കം 1930 പേര്‍ക്ക് കഴിഞ്ഞ പത്തുമാസത്തിനിടെ എലിപ്പനി പിടിപെട്ടു. ഇക്കൊല്ലം കൊവിഡ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് എലിപ്പനി ബാധിച്ചാണ്.
ആരോഗ്യസംവിധാനങ്ങള്‍ എല്ലാം കൊവിഡിന് പുറകേ ആയതോടെ മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇതര പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. എലിയുടെ മൂത്രംകലര്‍ന്ന വെള്ളത്തിലൂടെയും മറ്റും ശരീരത്തിലേക്ക് കടക്കുന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണമാകുന്നത്. തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍ ഇതിനുള്ള പ്രതിരോധമരുന്ന് വിതരണം മുന്‍വര്‍ഷങ്ങളില്‍ നടന്നിരുന്നെങ്കിലും ഇക്കൊല്ലം അത് വിരളമായിരുന്നു.
ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 32 പേര്‍ സംസ്ഥാനത്ത് മരിച്ചിട്ടുണ്ട്. ഇതില്‍ 27 പേരുടെ രോഗവിവരം അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം ഡെങ്കി ബാധിതര്‍ 4651-ഉം മരണസംഖ്യ 14-ഉം ആയിരുന്നു. സാധാരണ പനിബാധിച്ച് ഇക്കൊല്ലം 25 പേരാണ് മരിച്ചത്. കഴിഞ്ഞവര്‍ഷത്തെ മരണസംഖ്യ 51 ആയിരുന്നു.