31.1 C
Kottayam
Thursday, May 16, 2024

പ്രധാനമന്ത്രിയുടെ പലിശരഹിത വായ്പ മൂന്നു ലക്ഷം രൂപ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി അറസ്റ്റില്‍

Must read

കൊല്ലം: പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍പ്പെട്ട പലിശ രഹിത വായ്പ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ഉദ്യോഗസ്ഥയെന്ന പേരില്‍ 29,500 രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. കൊല്ലം വടക്കേവിള വില്ലേജില്‍ മുള്ളുവിള ഹരിദാസ മന്ദിരത്തില്‍ അഭിരാമിയാണ് (പൊന്നു 28) അറസ്റ്റിലായത്.

കൊട്ടിയം ഒറ്റപ്ലാമൂട് ഗ്രീന്‍ ഷാഡോ വീട്ടില്‍ പ്രപിത, ബന്ധുവായ പ്രശാന്ത് എന്നിവരാണ് തട്ടിപ്പിനിരയായത്. ഒക്ടോബര്‍ 30ന് പ്രപതിയുടെ വീട്ടിലെത്തിയ അഭിരാമി താന്‍ ഐ.ഡി.ബി.ഐ ബാങ്കിന്റെ കൊല്ലം ശാഖയിലെ ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി. പ്രപിതയുടെ ഭര്‍ത്താവ് നടത്തുന്ന കോഴി ഫാമിന് പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയില്‍പ്പെടുത്തി പലിശരഹിത വായ്പയായി മൂന്ന് ലക്ഷം രൂപ അനുവദിക്കാമെന്ന് അറിയിച്ചു.

ലോണ്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ആദ്യത്തെ തിരിച്ചടവായ 19,500 രൂപ നല്‍കണമെന്ന് അഭിരാമി ആവശ്യപ്പെട്ടു. പ്രപിതയുടെ വിശ്വാസം നേടാനായി 7500 രൂപ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് അഭിരാമി വാങ്ങിയത്. ശേഷിക്കുന്ന 12,500 രൂപയ്ക്കൊപ്പം പ്രപിതയുടെ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും വാങ്ങി. പിന്നീട് പലതവണ ഫോണില്‍ വിളിച്ചിട്ടും അഭിമാരി പ്രതികരിച്ചില്ല. ഇതോടെ പ്രപിത ബന്ധുവായ പ്രശാന്തിനെ ബന്ധപ്പെട്ടു. അപ്പോഴാണ് വായ്പ വാഗ്ദാനം ചെയ്ത് പ്രശാന്തില്‍ നിന്ന് 10,000 രൂപ വാങ്ങിയതായി അറിഞ്ഞത്.

തുടര്‍ന്ന് കൊട്ടിയം പോലീസ് സ്റ്റേഷനില്‍ ഇരുവരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമാനമായ കബളിപ്പിക്കലിലൂടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലും അഭിരാമി പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week