വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വയനാട് ചേകാടിയിലാണ് സംഭവം. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്. പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുകയായിരുന്നു ഇരുവരും. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള – കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ കാട്ടാനയിറങ്ങി കഴിഞ്ഞ ദിവസം വ്യാപക നാശം വിതച്ചിരുന്നു. വന്യജീവി സങ്കേതത്തിന് സമീപത്ത് ഇറങ്ങിയ കാട്ടാന അഞ്ച് പെട്ടിക്കടകള്‍ തകര്‍ത്തു. മിനിയാന്ന് രാത്രിയിലാണ് ആനയുടെ ആക്രമണമുണ്ടായത്. പ്രദേശവാസികളായ ബാലന്‍, ലത, കമല, കുട്ടപ്പന്‍ എന്നിവരുടെ കടകളാണ് ആന തകര്‍ത്തത്.
കഴിഞ്ഞ ദിവസം പ്രദേശവാസിയായ സുലൈമാന്റെ കടയും ആന നശിപ്പിച്ചിരുന്നു. തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന് സമീപം പോലും വന്യമൃഗ ശല്യത്തിന് നടപടി സ്വീകരിക്കാന്‍ കഴിയാത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
2021 മെയ് 29ന് പുലര്‍ച്ചെ തോല്‍പ്പെട്ടി മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ ഒരു ഭാഗം തകര്‍ത്തിരുന്നു. ഇവിടെ ഒരു വീട്ടുവളപ്പില്‍ കടന്നു കയറിയ ആന പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും ഉണ്ടായി. പ്രദേശത്ത് തന്നെയുള്ള പി.വി.എസ് എസ്റ്റേറ്റ് ജീവനക്കാരി ജാന്‍സിയുടെ ഓടിട്ട വീടിന്റെ ഒരു ഭാഗമാണ് ആന അന്ന് തകര്‍ത്തത്. 2020 മെയ്, ജൂണ്‍ മാസങ്ങളിലും പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. അന്നും വീടുകളും വാഹനങ്ങളും ആനകള്‍ തകര്‍ത്തിരുന്നു.
വൈദ്യുതി വേലി, കിടങ്ങ് എന്നിവ ഇല്ലാത്തയിടങ്ങളിലൂടെ ഇറങ്ങുന്ന കാട്ടാനകള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ജനവാസ പ്രദേശങ്ങളിലെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വേനലായതോടെ തീറ്റത്തേടി ആനകള്‍ നാട്ടിലിറങ്ങുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വെട്ടിലാക്കുന്നുണ്ട്.
രാത്രി ഏറെ വൈകിയായിരിക്കും ഉള്‍പ്രദേശങ്ങളില്‍ നിന്നടക്കം നാട്ടുകാരുടെ വിളി എത്തുക. ജീവന്‍ പണയം വെച്ചാണ് വനം വാച്ചര്‍മാരും ഉദ്യോഗസ്ഥരും ആനകളെ തിരിച്ച് കാട് കയറ്റുന്നത്.