സഹോദരിയെയും വിവാഹം ചെയ്തു, ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

വിജയവാഡ: തന്റെ സഹോദരിയെയും വിവാഹം കഴിച്ച ഭര്‍ത്താവിനെ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശി നസിയ എന്ന യുവതിയാണ് അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ ഖാദര്‍ ബാഷ (28) എന്ന യുവാവ് വിജയവാഡ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്ക് നാല്‍പത് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. വിജയവാഡ മച്ചിലിപട്ടണം മാര്‍ക്കറ്റ് യാര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് അച്ഛബയുടെ മകനാണ് ഖാദര്‍.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്നാണ് ഇനഗുദുരു പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസ് പറയുന്നത്. പോലീസ് നല്‍കുന്ന വിവരം അനുസരിച്ച് നസിയയും ഖാദറും തമ്മില്‍ വിവാഹം കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങളായി. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. എന്നാല്‍ അടുത്തിടെ ഇയാള്‍ നസിയയുടെ സഹോദരിയുമായി സ്‌നേഹ ബന്ധത്തിലായി. ഇരുവരും ഒന്നിച്ച് മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. ഈ യുവതിയെ ഖാദര്‍ രണ്ടാമതായി വിവാഹം ചെയ്തതായും പറയപ്പെടുന്നുണ്ട്.

ഭര്‍ത്താവിന്റെ ഈ ബന്ധത്തെച്ചൊല്ലി നസിയ പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ രണ്ടാമത് വിവാഹം ചെയ്തു എന്ന വാര്‍ത്തയറിഞ്ഞതോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പോലീസ് പറയുന്നത്. വിവാഹവിവരം അറിഞ്ഞ് യുവതി ഭര്‍ത്താവിനെ ചോദ്യം ചെയ്തു. തുടര്‍ന്നുണ്ടായ വഴക്കില്‍ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ബഹളം കേട്ടെത്തിയ പ്രദേശവാസികളാണ് തീ കെടുത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ മുഖത്തും ശരീരത്തും സാരമായ പൊള്ളലേറ്റിട്ടുണ്ട്. നസിയയെ വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News