വീട്ടിലെ മിക്സി വിറ്റ് കള്ളുകുടിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് അടിച്ചു കൊന്നു
മറയൂര്‍: വീട്ടിലെ മിക്സി മോഷ്ടിച്ച് വിറ്റ് കള്ളുകുടിച്ച ഭര്‍ത്താവിനെ ഭാര്യ അടിച്ചുകൊന്നു. കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്ക് സമീപമാണ് സംഭവം. വീട്ടിലെ മിക്സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരിന്നു. മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപം മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശാ (49)ണ് മരിച്ചത്. കേസില്‍ ഭാര്യ ഉമാദേവി (47) കുറ്റം സമ്മതിച്ചു. കഴിഞ്ഞ 17-നായിരുന്നു വെങ്കിടേശനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാള്‍ മരിച്ചു. വാഹനാപകടം എന്ന നിലയില്‍ കേസെടുത്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിരുന്നു. ശവസംസ്‌കാരവും നടത്തി.
എന്നാല്‍, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ വാഹനാപകടമല്ല മരണകാരണമെന്ന് പുറത്തറിയുകയായിരുന്നു. തലയ്ക്ക് പിറകിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് മംഗലം പോലീസിന്റെ നേതൃത്വത്തില്‍ ഭാര്യ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം തെളിഞ്ഞത്. മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരില്‍ വീട്ടില്‍ വഴക്ക് സ്ഥിരമായിരുന്നു എന്നാണ് ഉമാദേവിയുടെ മൊഴി. കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ 2000 രൂപ വിലമതിക്കുന്ന മിക്‌സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതിന്റെ ദേഷ്യത്തില്‍ വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ഭാര്യ കുറ്റസമ്മതം നടത്തി.