താന്‍ ഉണ്ടാക്കിയ കിഴങ്ങുകറി കഴിച്ചില്ല; യുവതി ഭര്‍ത്താവിന്റെ തോളെല്ല് അടിച്ച് തകര്‍ത്തു

അഹമ്മദാബാദ്: താന്‍ ഉണ്ടാക്കിയ കിഴങ്ങുകറി കഴിക്കാത്തതില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ചു. അത്താഴത്തിനായി ചപ്പാത്തിക്കൊപ്പം ഉണ്ടാക്കിയ കിഴങ്ങുകറി പ്രമേഹരോഗിയായ ഭര്‍ത്താവ് കഴിക്കാതിരുന്നതാണ് യുവതിയെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ക്ഷുഭിതയായ യുവതി ഭര്‍ത്താവിനെ ശകാരിക്കുകയും അലക്കാനുപയോഗിക്കുന്ന കല്ലുപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ഹര്‍ഷദ് ഗോയല്‍ എന്ന നാല്‍പ്പതുകാരനാണ് ഭാര്യ താര ഗോയലിനെതിരെ പരാതി നല്‍കിയത്. അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഡോക്ടര്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കരുതെന്ന് പ്രത്യേക നിര്‍ദേശം നല്‍കിയതിനാലാണ് കറി കഴിക്കാതിരുന്നതെന്ന് ഭര്‍ത്താവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇവര്‍ക്ക് നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഭാര്യ വീട്ടില്‍ നിരന്തരം കലഹം ഉണ്ടാക്കുമായിരുന്നെന്നും, കറി കഴിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ബാത്‌റൂമിലേക്ക് പോയി അവിടെ നിന്ന് അലക്കാനുപയോഗിക്കുന്ന തടിക്കഷ്ണം ഉപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു എന്നും യുവാവ് പരാതിയില്‍ പറയുന്നു. ഹര്‍ഷദ് ഉച്ചത്തില്‍ കരയുന്നത് കേട്ടാണ് വീട്ടിലുള്ളവര്‍ കാര്യമറിയുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയി. വലതുതോളിലായി പൊട്ടലുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News