ഇനി ചേട്ടനും അനിയത്തിയുമാണോ അവര്‍ ? ചില ദമ്പതികളെ കാണുമ്പോള്‍ നാട്ടുകാര്‍ മൂക്കത്ത് വിരല്‍വെക്കും. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ ചില ദമ്പതികള്‍ക്ക് ഒരമ്മ പെറ്റ മക്കളെ പോലെയുള്ള സാമ്യം. എന്തായിരിക്കും ഇതിന്റെ കാരണം ?
വിപരീതങ്ങള്‍ ആകര്‍ഷിക്കുമെന്ന പഴമൊഴി നാം കേട്ടിട്ടുണ്ടാവും. പക്ഷെ, യാഥാര്‍ത്ഥ്യമെന്താണ് ? താനിരിക്കുന്ന ശരീരത്തിനോട് സാമ്യമുള്ള മറ്റൊരു ശരീരത്തെയാണ് ഹൃദയം ആഗ്രഹിക്കുക. ഈ രണ്ടു ശരീരങ്ങളും പ്രണയപൂര്‍വ്വം എത്ര കൂടുതല്‍ കാലം ഒരുമിച്ചു ജീവിക്കുന്നുവോ സാമ്യവും അതുപോലെ കൂടുമെന്ന് പഠനങ്ങള്‍ പറയുന്നു. അല്‍ഭുദകരമായ ഈ പ്രതിഭാസം പരിശോധിക്കാന്‍ അമേരിക്കയിലെ മിഷിഗന്‍ സര്‍വ്വകലാശാലയിലെ സൈക്കോളജിസ്റ്റായ റോബര്‍ട്ട് സജ്‌നോക്ക് ഒരു ഗവേഷണം നടത്തിയിരുന്നു.
വിവാഹസമയത്ത് എടുത്ത ദമ്പതികളുടെ ചിത്രങ്ങളും 25 വര്‍ഷത്തിന് ശേഷം അതേ ദമ്പതികള്‍ എടുത്ത ചിത്രങ്ങളുമാണ് റോബര്‍ട്ട് പരിശോധിച്ചത്. വിവാഹത്തിന് ശേഷം രണ്ടു പേരുടെയും സാമ്യം വര്‍ധിച്ചതായി പഠനഫലം പറയുന്നു. ദാമ്പത്യ ബന്ധം എത്രയധികം സന്തുഷ്ഠമായിരുന്നോ സാമ്യവും അതിന് അനുസരിച്ച് വര്‍ധിച്ചു.
ഒരുപാട് കാലം സന്തോഷത്തോടെ ഒരുമിച്ച് കഴിയുന്നത് മുഖഭാവങ്ങള്‍ പരസ്പരം അനുകരിക്കുന്നതിന് വരെ വഴിയൊരുക്കും. പങ്കാളികളില്‍ ഒരാള്‍ ഹ്യൂമര്‍സെന്‍സ് കൂടുതലുള്ളയാളും ചിരിക്കുന്നയാളുമാണെങ്കില്‍ മറ്റേ ആളുടെ ചുണ്ടുകളുടെയും കവിളുകളുടെയും ഭാവം വരെ അതിനു അനുസരിച്ച് മാറുമെന്നാണ് റോബര്‍ട്ട് പറയുന്നത്.
കാരണങ്ങള്‍
ഒരേ വ്യക്തിത്വമുള്ളവര്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടാന്‍ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ പറയുന്നു. ഇക്കാര്യമറിയാന്‍ ലിവര്‍ പൂള്‍ സര്‍വ്വകലാശാലയിലെ ബയോളജി ഗവേഷകര്‍ 2006ല്‍ ഒരു പഠനം നടത്തിയിരുന്നു. ദമ്പതികളുടെ പ്രായം, വ്യക്തിത്വം, ആകര്‍ഷകത്വം എന്നിവ മനസിലാക്കാനായിരുന്നു ഇത്. വിവാഹിതരായി ഒരുപാടു കാലം ഒരുമിച്ച് ജീവിച്ച ദമ്പതികളുടെ ചിത്രങ്ങളാണ് പഠനത്തിനായി ആളുകള്‍ക്ക് നല്‍കിയത്.
ഭാര്യയുടെയും ഭര്‍ത്താവിന്റെയും ചിത്രം വേര്‍തിരിച്ചാണ് നല്‍കിയത്. ഇവര്‍ ആരാണെന്നോ വിവാഹിതരാണോ അല്ലേ എന്നൊന്നും സൂചനയും നല്‍കിയില്ല. ഫോട്ടോയിലുള്ള ഓരോരുത്തരുടെയും പ്രായം, ആകര്‍ഷകത്വം, വ്യക്തിത്വം എന്നിവയെ വിലയിരുത്താനാണ് പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടത്.
ചിത്രത്തിലെ സ്ത്രീ സോഷ്യലാണെന്നു വിലയിരുത്തിയവര്‍ അവരുടെ ഭര്‍ത്താവിനെയും അതേ ഗണത്തിലാണ് പെടുത്തിയതെന്നു പഠനം പറയുന്നു. ദീര്‍ഘകാല വൈവാഹികബന്ധത്തിലുള്ള ദമ്പതികളിലെ സ്ത്രീക്കും പുരുഷനും ഒരേ വ്യക്തിത്വമാണെന്നും ആളുകള്‍ പറഞ്ഞു.
സമാനമായ ജീനുള്ളവരുമായി പ്രണയത്തിലാവാന്‍ മനുഷ്യര്‍ക്ക് ആന്തരിക ചോദനയുള്ളതായി ചില ശാസ്ത്രജ്ഞര്‍ പറയുന്നു. വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഇരട്ടകളില്‍ നടത്തിയ ഒരു പഠനത്തില്‍ ഇതിന്റെ ചില സൂചനകള്‍ ലഭിച്ചിരുന്നു.
അമ്മയുമായി സാമ്യമുള്ളവരെ വിവാഹം കഴിക്കാനുള്ള പ്രവണത പുരുഷന്‍മാര്‍ക്കുണ്ടെന്ന് ചില ഗവേഷകര്‍ പറയുന്നു. അമ്മയുടെ സ്വഭാവം, മുടിയുടെ നിറം, കണ്ണിന്റെ നിറം, പ്രായം എന്നിവക്കായിരിക്കും പ്രാധാന്യം നല്‍കുക. അച്ചനുമായി സാമ്യമുള്ളവരെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്കും പ്രവണതയുണ്ടായിക്കും. ജനിക്കുന്ന സമയത്ത് അച്ചനും അമ്മക്കും പ്രായം കൂടുതലായിരുന്നുവെങ്കില്‍ പ്രായം കൂടിയ ആളെ വിവാഹം കഴിച്ചാല്‍ മതിയെന്ന തോന്നലും രൂപപ്പെടുമത്രെ.
തങ്ങളുടെ മുഖഛായയുള്ളവരെ വിവാഹം കഴിക്കാന്‍ എല്ലാവരും പൊതുവില്‍ ആഗ്രഹിക്കുകയെന്നും ചില പഠനങ്ങള്‍ പറയുന്നു. ഈ ദമ്പതികളുടെ കുഞ്ഞുങ്ങള്‍ക്കും സമാനമായ മുഖമാണുണ്ടായിരിക്കുക. പരമാവധി ജീനുകള്‍ അടുത്തതലമുറയിലേക്ക് കൈമാറണമെന്ന ആഗ്രഹം മറ്റു ജീവികളെ പോലെ മനുഷ്യര്‍ക്കും ആന്തരികമായി ഉണ്ടാവും.
കൂടുതല്‍ കാലം ഒരുമിച്ചു ജീവിക്കുന്നവര്‍ ശീലങ്ങളും ശരീരഭാഷയും വരെ പരസ്പരം അനുകരിക്കും. വിവാഹിതരായവര്‍ തങ്ങളുടെ മുന്‍ശീലങ്ങള്‍ മാറ്റാന്‍ ജീവിതകാലം മുഴുവന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉദാഹരണത്തിന് ഒരാള്‍ പുകവലി നിര്‍ത്തി ആരോഗ്യകരമായ ഭക്ഷണത്തിലേക്ക് മാറുകയാണെങ്കില്‍ മറ്റേയാളും മാറിയേക്കും.
ഒരേ തരത്തിലുള്ള ഭക്ഷണവും വ്യായാമങ്ങളും ദമ്പതികള്‍ക്കുണ്ടാവും. അതിനാല്‍ തന്നെ രണ്ടു പേരുടെയും പ്രതിരോധ സംവിധാനങ്ങളും ഒരു പോലെയായിരിക്കും. ഒരേ തരത്തിലുള്ള അസുഖങ്ങളായിരിക്കാം ഇവര്‍ക്കു വരുക.
ഒരുമിച്ച് ജീവിക്കുമ്പോള്‍ എല്ലാ അനുഭവങ്ങളും ദമ്പതികള്‍ പങ്കുവെക്കും. ഒരുപാട് കാലത്തെ ജീവിതത്തില്‍ സന്തോഷവും ദുഖവുമൊക്കെയുണ്ടാവും. ഒരുമിച്ച് അവര്‍ നേരിടുന്ന കാര്യങ്ങള്‍ അവരുടെ ശരീര ഭാഷയേയും വൈകാരിക സ്ഥിതിയെയും സ്വാധീനിക്കും. അവരുടെ ചരിത്രം മുഖത്തായിരിക്കും രേഖപ്പെടുത്തുക. മുഖത്തെ ചുളിവുകള്‍ വരെ ഒരു സ്ഥലത്താവാമെന്നും സാമൂഹിക ശാസ്ത്രജ്ഞര്‍ പറയുന്നു.