ഒമിക്രോൺ 89 രാജ്യങ്ങളിൽ, വ്യാപനം അതിവേഗം; യൂറോപ്പ് വീണ്ടും നിയന്ത്രണങ്ങളിലേക്ക്

ലണ്ടൻ • ഒമിക്രോൺ വകഭേദം 89 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ വേഗത്തിലാണ് വ്യാപനം. സാമൂഹിക വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ ഒന്നര, മൂന്നു ദിവസത്തിനകം വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകുന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇതോടെ യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്കു നീങ്ങുകയാണ്. ഫ്രാൻസും ഓസ്ട്രിയയും യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി. പാരിസിലെ വെടിക്കെട്ട് ഉൾപ്പെടെ പുതുവത്സര ആഘോഷം ഉപേക്ഷിച്ചു.

രാജ്യത്ത് 5–11 വയസ്സുകാർക്ക് അടുത്തയാഴ്ച വാക്സീൻ നൽകിത്തുടങ്ങും. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ പാരിസിൽ പ്രതിഷേധവും ശക്തമായി. ഡെൻമാർക്കിൽ തിയറ്ററുകളും അമ്യൂസ്മെന്റ് പാർക്കുകളും മ്യൂസിയങ്ങളും അടച്ചു. അയർലൻഡിൽ രാത്രി 8നു ശേഷം കർഫ്യൂ നിലവിൽ വന്നു. ഭാഗിക ലോക്ഡൗൺ നിലവിലുള്ള നെതർലൻഡ്സ് സമ്പൂർണ ലോക്ഡൗണിലേക്കു നീങ്ങുന്നതായാണു സൂചന.

യുകെയിൽ പ്രതിദിന കോവിഡ് കണക്കുകളിൽ ഈയാഴ്ച റെക്കോർഡ് വർധന രേഖപ്പെടുത്തി. ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് ബാധിതരുടെ എണ്ണത്തിൽ 28.6% വർധനയാണ് രേഖപ്പെടുത്തിയത്. ക്രിസ്മസിനു ശേഷം ഹ്രസ്വകാല ലോക്ഡൗൺ സജീവ പരിഗണനയിലുണ്ട്.

മാസ്ക് നിർബന്ധമാക്കിയതിനു പുറമേ യുകെയിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വാക്സിനേഷൻ / കോവിഡ് നെഗറ്റീവ് രേഖ നിർബന്ധമാക്കി. തൊഴിൽ ആവശ്യാർഥമല്ലാത്ത കൂടിച്ചേരലുകൾക്കു വിലക്ക് ഏർപ്പെടുത്താനും നീക്കമുണ്ട്. ബൂസ്റ്റർ ഡോസ് വേഗത്തിലാക്കിയതോടെ മുതിർന്ന പൗരൻമാരിൽ പകുതിയും ബൂസ്റ്റർ സ്വീകരിച്ചതായാണു കണക്ക്.

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 131 ആയി. 8 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ 48 ആയി. കർണാടക –14, കേരളം –11, ഡൽഹി –22 എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിലെ ഒമിക്രോൺ കേസുകൾ. മാസങ്ങളോളം നിയന്ത്രണവിധേയമായിരുന്ന ഡൽഹിയിൽ ഒമിക്രോൺ വഴിയുള്ള കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ 4 സ്വകാര്യ ആശുപത്രികളെ ഒമിക്രോൺ ചികിത്സാ കേന്ദ്രങ്ങളാക്കി. ഇന്ത്യ നൽകുന്ന കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റിന് 113 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് 4 പേര്‍ക്ക് കൂടി കൊവിഡ് 19 (Covid 19) ഒമിക്രോണ്‍ വകഭേദം (Omicron) സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും വന്നവരാണ്. മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം കെനിയ, ട്യുണീഷ്യ എന്നിവ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്.

തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ 9ന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്.

തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44കാരന്‍ ഡിസംബര്‍ 15ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാൻഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി.

മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം, ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News