ജനീവ: കൊവിഡ് രണ്ടാം തരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് വ്യക്തമാക്കി.
ലോക ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഉയര്‍ന്നതും ഇടത്തരം സമ്പദ് വ്യവസ്ഥയുമുള്ളതുമായ രാജ്യങ്ങള്‍ക്ക് ലോകത്ത് ഉല്‍പാദിപ്പിച്ച 83 ശതമാനം വാക്സിന്‍ ലഭിച്ചു. ഇതിനു വിപരീതമായി, ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആകെ വാക്സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്.’ഗെബ്രിയേസസ് പറയുന്നു.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യയില്‍ തിരിച്ചറിഞ്ഞ വൈറസ് വകഭേദത്തെ ‘ആഗോള ആശങ്ക ഉയര്‍ത്തുന്ന വകഭേദം’ എന്ന് തരംതിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.ഈ വൈറസ് വകഭേദം കൂടുതല്‍ വേഗത്തില്‍ പടരുന്നുവെന്ന് പ്രാഥമിക പഠനങ്ങള്‍ സൂചിപ്പിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
രാജ്യത്ത് പടരുന്ന പുതിയ വകഭേദം ആകുലതയുണര്‍ത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിന്നു.. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടരുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
3,70,000 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ സ്ഥിതിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.