26.3 C
Kottayam
Sunday, May 5, 2024

വാട്സ്ആപ്പ് സ്റ്റാറ്റസ് വഴി ഓൺലൈൻ തട്ടിപ്പ് ; മുന്നറിയിപ്പുമായി പൊലീസ്

Must read

കോഴിക്കോട് : വാട്സ്ആപ്പ് സ്റ്റാറ്റസ് വഴിയുള്ള ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗരൂകരായി ഇരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ ദിവസവും അഞ്ഞൂറ് രൂപ വരെ സമ്പാദിക്കാന്‍ അവസരം എന്ന രീതിയിലാണ് ഇപ്പോൾ തട്ടിപ്പ് നടക്കുന്നത്.
നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് 30ൽ കൂടുതൽ ആളുകൾ കാണുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കും ദിവസേന 500 രൂപ വരെ സ്വന്തമാക്കാം എന്നാണ് തട്ടിപ്പുകാര്‍ നല്‍കിയിരിക്കുന്ന പരസ്യം. ഈ പരസ്യം കണ്ട് അതിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ കേരളാ ഓണ്‍ലൈന്‍ വര്‍ക്ക് എന്ന ഒരു വെബ്‌സൈറ്റിലേക്കാണ് പോവുക.

കേരളത്തിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങള്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് ഈ പേജിൽ നമുക്ക് കാണാനാകുക. ഒരു സ്റ്റാറ്റസിന് 10 മുതല്‍ 30 രൂപ വരെ ലഭിക്കുമെന്നും വാട്‌സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്‌സൈറ്റില്‍ പറയുന്നു.
പരസ്യം കണ്ട് രജിസ്റ്റര്‍ ചെയ്യുന്നവരോട് ഫോണ്‍ നമ്പരും ജില്ലയും തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടും.

ഒപ്പം കുറച്ച് നിര്‍ദേശങ്ങളും നല്‍കും. രജിസ്റ്റർ ചെയ്യുന്നവർ ചെയ്യേണ്ടത് വാട്സ്ആപ്പ് സ്റ്റാറ്റസ് വ്യൂസിന്റെ സ്ക്രീൻഷോട്ട് കാണിക്കണം. 30 ല്‍ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകള്‍ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകള്‍ വരെ ഷെയര്‍ ചെയ്യാവുന്നതാണ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം വഴി മാത്രമേ പണം പിന്‍വലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.

എന്നാൽ ഇത് വലിയ തട്ടിപ്പാണെന്നാണ് ഐടി രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത്തരത്തിൽ പണം തട്ടുന്ന സംഘങ്ങള്‍ സജീവമായിട്ടുണ്ടെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പ് പരസ്യങ്ങള്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week