29.1 C
Kottayam
Friday, May 3, 2024

കളിമറന്ന് ‘ജൂനിയേഴ്‌സ്’ വെസ്റ്റ് ഇന്‍ഡീസിനോട് രണ്ടാം ട്വി 20യിലും തോല്‍വി

Must read

ഗയാന:വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി.

153 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തില്‍ തന്നെ പിഴച്ചു. ആദ്യ ഓവറില്‍ തന്നെ ബ്രാന്‍ഡണ്‍ കിങ്ങിനെയും ജോണ്‍സണ്‍ ചാള്‍സിനെയും മടക്കി ഇന്ത്യന്‍ നായകന്‍ വിന്‍ഡീസിന് തിരിച്ചടി സമ്മാനിച്ചു. ആദ്യ പന്തില്‍ കിങ്ങിനെ (0) മടക്കിയ ഹാര്‍ദിക് നാലാം പന്തില്‍ ചാള്‍സിനെ (2) പുറത്താക്കി. നാലാം ഓവറില്‍ അര്‍ഷ്ദീപ് കൈല്‍ മായേഴ്‌സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിന്‍ഡീസ് 32 ന് മൂന്നുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി. മായേഴ്‌സ് 15 റണ്‍സാണ് നേടിയത്.

പക്ഷേ നിക്കോളാസ് പൂരാന്‍ ആക്രമിച്ച് കളിക്കാനാരംഭിച്ചതോടെ വിന്‍ഡീസ് ക്യാമ്പില്‍ പ്രതീക്ഷ വന്നു. ആദ്യ ആറോവറില്‍ തന്നെ 61 റണ്‍സാണ് ടീം അടിച്ചെടുത്തത്. ബിഷ്‌ണോയ് ചെയ്ത ആറാം ഓവറില്‍ പൂരാന്‍ ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 18 റണ്‍സ് അടിച്ചെടുത്തു. താരം വെറും 29 പന്തുകളില്‍ നിന്ന് അര്‍ധസെഞ്ചുറി കുറിച്ച് വിന്‍ഡീസിന് വിജയപ്രതീക്ഷ സമ്മാനിച്ചു. റോവ്മാന്‍ പവലിനൊപ്പം മികച്ച കൂട്ടുകെട്ടുമായി പൂരാന്‍ മുന്നേറി. എന്നാല്‍ പവലിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യ വിന്‍ഡീസിന് തിരിച്ചടി നല്‍കി.

പിന്നാലെ വന്ന ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പൂരാന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ അപകടകരമായ രീതിയില്‍ ബാറ്റുചെയ്യുകയായിരുന്ന പൂരാനെ മുകേഷ് കുമാര്‍ പുറത്താക്കി. പൂരാന്റെ അതിശക്തമായ ഷോട്ട് സഞ്ജു സാംസണ്‍ കൈയ്യിലൊതുക്കി. 40 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്‌സിന്റെയും സഹായത്തോടെ 67 റണ്‍സെടുത്താണ് പൂരാന്‍ പുറത്തായത്.

പിന്നാലെ വന്ന റൊമാരിയോ ഷെപ്പേര്‍ഡിനെ (0) അക്ഷര്‍ പട്ടേല്‍ റണ്‍ ഔട്ടാക്കുകയും ജേസണ്‍ ഹോള്‍ഡറെ (0) ചാഹല്‍ പുറത്താക്കുകയും ചെയ്തതോടെ വിന്‍ഡീസ് പതറി. അതേ ഓവറില്‍ ഹെറ്റ്‌മെയര്‍ കൂടി വീണതോടെ വിന്‍ഡീസ് ക്യാമ്പില്‍ നിരാശ പരന്നു. 22 റണ്‍സെടുത്ത ഹെറ്റ്‌മെയറെ ചാഹല്‍ വിക്കറ്റിന മുന്നില്‍ കുടുക്കുകയായിരുന്നു. ഇതോടെ വിന്‍ഡീസ് 126 ന് നാല് എന്ന സ്‌കോറില്‍നിന്ന് 129 ന് എട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തി. മൂന്ന് റണ്‍സിനിടെ നാല് വിക്കറ്റാണ് വീണത്.

എന്നാല്‍ ഒന്‍പതാം വിക്കറ്റില്‍ അല്‍സാരി ജോസഫും അകിയേല്‍ ഹൊസെയ്‌നും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പതിയെ റണ്‍സ് കണ്ടെത്തി ഇരുവരും വിന്‍ഡീസ് ക്യാമ്പില്‍ പ്രതീക്ഷ കാത്തു. മുകേഷ് കുമാര്‍ ചെയ്ത 19-ാം ഓവറില്‍ അല്‍സാരി ജോസഫും അകിയെല്‍ ഹൊസെയ്‌നും ചേര്‍ന്ന് ടീമിന് വിജയം സമ്മാനിച്ചു. ഏഴുപന്തുകള്‍ ശേഷിക്കെയാണ് വിന്‍ഡീസിന്റെ വിജയം.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അര്‍ഷ്ദീപും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഒടുവില്‍ അല്‍സാരി ജോസഫ് ചെയ്ത രണ്ടാം ഓവറിലെ അഞ്ചാം പന്തില്‍ ഗില്‍ പുറത്തായി. നാലാം പന്തില്‍ സിക്‌സ് നേടിയ ഗില്‍ അടുത്ത പന്തിലും കൂറ്റനടിയ്ക്ക് ശ്രമിച്ച് പുറത്താവുകയായിരുന്നു. താരത്തിന്റെ ഷോട്ട് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ കൈയ്യിലൊതുക്കി. ഒന്‍പത് പന്തില്‍ നിന്ന് ഏഴുറണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.

പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് അനാവശ്യറണ്ണിന് ശ്രമിച്ച് അതിവേഗത്തില്‍ പുറത്തായി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രമെടുത്ത താരത്തെ കൈല്‍ മായേഴ്‌സാണ് റണ്‍ഔട്ടാക്കിയത്. ഇതോടെ ഇന്ത്യ 18 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. നാലാമനായി തിലക് വര്‍മയാണ് ക്രീസിലെത്തിയത്. ബാറ്റിങ് പവര്‍പ്ലേയില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സാണ് നേടിയത്.

തിലക് വര്‍മയെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 60 കടത്തി. എന്നാല്‍ 21 പന്തില്‍ 21 റണ്‍സെടുത്ത കിഷനെ റൊമാരിയോ ഷെപ്പേര്‍ഡ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഇന്ത്യ വീണ്ടും തിരിച്ചടി നേരിട്ടു. അഞ്ചാമനായി മലയാളി താരം സഞ്ജു സാംസണ്‍ ക്രീസിലെത്തി. മികച്ച അവസരമാണ് സഞ്ജുവിന് ലഭിച്ചത്. എന്നാല്‍ താരത്തിന് അത് മുതലാക്കാനായില്ല. അകിയെല്‍ ഹൊസെയ്‌നിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരാന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ഇന്ത്യ 76 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

പിന്നാലെ വന്ന ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് തിലക് വര്‍മ ടീം സ്‌കോര്‍ 100 കടത്തി. പിന്നാലെ തിലക് അര്‍ധസെഞ്ചുറിയും പൂര്‍ത്തിയാക്കി. താരത്തിന്റെ ആദ്യ അന്താരാഷ്ട്ര അര്‍ധസെഞ്ചുറിയാണിത്. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്ക് പിന്നാലെ തിലക് പുറത്തായി. 41 പന്തില്‍ അഞ്ച് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത തിലകിനെ അകിയേല്‍ ഹൊസെയ്ന്‍ ഒബെഡ് മക്കോയിയുടെ കൈയ്യിലെത്തിച്ചു. തിലക് പുറത്താവുമ്പോള്‍ ടീം സ്‌കോര്‍ 114 റണ്‍സിലെത്തിയിരുന്നു.

തിലകിന് പകരം അക്ഷര്‍ പട്ടേലാണ് ക്രീസിലെത്തിയത്. ഹാര്‍ദിക് പാണ്ഡ്യ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ നായകനെ അല്‍സാരി ജോസഫ് മികച്ച ഒരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി. 18 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത് ഹാര്‍ദിക് മടങ്ങി. പിന്നാലെ അക്ഷര്‍ പട്ടേലും പുറത്തായി. 14 റണ്‍സെടുത്ത അക്ഷറിനെ റൊമാരിയോ ഷെപ്പേര്‍ഡ് പൂരാന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലൊന്നിച്ച രവി ബിഷ്‌ണോയിയും അര്‍ഷ്ദീപും ചേര്‍ന്ന് ടീം സ്‌കോര്‍ 150 കടത്തി. ബിഷ്‌ണോയി ഒരു റണ്ണും അര്‍ഷ്ദീപ് ആറുറണ്‍സും നേടി പുറത്താവാതെ നിന്നു.

വിന്‍ഡീസിനായി അകിയെല്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week