27.4 C
Kottayam
Friday, April 26, 2024

‘മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നു’: ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് യുഎസ്

Must read

വാഷിങ്ടൻ:ഇന്ത്യയുൾപ്പെടെ ലോകമെങ്ങും ആവിഷ്കാര സ്വാതന്ത്ര്യം പോലുള്ള ജനാധിപത്യ തത്വങ്ങളുടെ പ്രാധാന്യം ഉയർത്തപ്പെടേണ്ട സമയമാണിതെന്ന് യുഎസ്. ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘‘ലോകമെങ്ങും മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തിന്റെ തത്വങ്ങളായ ആവിഷ്കാര സ്വാതന്ത്ര്യം, മത, വിശ്വാസ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയവയാണ് ജനാധിപത്യങ്ങളെ ശക്തിപ്പെടുത്തുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ ലോകമെങ്ങും ഞങ്ങളുടെ ബന്ധങ്ങളിൽ ഇക്കാര്യം ഉറപ്പു വരുത്തുന്നു’’ – വാഷിങ്ടനിൽ പതിവ് മാധ്യമസമ്മേളനത്തിൽ വച്ചാണ് യുഎസ് ഡിപ്പാർട്മെന്റ് വക്താവ് നെഡ് പ്രൈസ് ഇങ്ങനെ പറഞ്ഞത്.

‘‘ഡോക്യുമെന്ററി കണ്ടിട്ടില്ല. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ച് എനിക്കറിയാം. അവ അതുപോലെതന്നെ തുടരും. ഇന്ത്യയിലെ നടപടികളിൽ ആങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ട്’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞയാഴ്ച യുകെ പ്രധാനമന്ത്രി ഋഷി സുനകും ബിബിസി ഡോക്യുമെന്ററിയെക്കുറിച്ച് അകലംപാലിച്ചാണ് പ്രതികരിച്ചത്. ഡോക്യുമെന്ററി പൂർണമായി പക്ഷപാതകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.

2002ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കലാപത്തെക്കുറിച്ച് രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇന്ത്യയിൽ വിവാദമായ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഇടതുപക്ഷ, കോൺഗ്രസ് സംഘടനകൾ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. പ്രതിഷേധവുമായി ബിജെപിയും രംഗത്തുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week