25.4 C
Kottayam
Thursday, April 25, 2024

പാക് താരം ബാബര്‍ അസം ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ

Must read

ദുബായ്: പാക്കിസ്ഥാന്‍ താരം ബാബര്‍ അസമിനെ കഴിഞ്ഞ വര്‍ഷത്തെ ഐസിസി താരമായി തെരഞ്ഞെടുത്തു. മൂന്ന് ഫോര്‍മാറ്റിലുമായി കളിച്ച 44 മത്സരങ്ങളില്‍ 2598 റണ്‍സടിച്ചാണ് ബാബര്‍ ഐസിസിയുടെ ഏറ്റവും മികച്ച താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്സ് ട്രോഫി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കളിച്ച 44 മത്സരങ്ങളില്‍ 54.12 ശരാശരിയില്‍ എട്ട് സെഞ്ചുറികളും 17 അര്‍ധസെഞ്ചുറികളുമാണ് ബാബര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി 2000ലേറെ റണ്‍സടിച്ച ഏക ബാറ്ററാണ് ബാബര്‍.

നേരത്തെ ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന താരമായും ബാബര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ഏകദിന മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിക്ക് പുറമെ അഞ്ച് അര്‍ധസെഞ്ചുറിയും ബാബര്‍ നേടി. കളിച്ച മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ബാബര്‍ കുറഞ്ഞ സ്കോറില്‍ പുറത്തായത്.

ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ പാക്കിസ്ഥാന് വലിയ വിജയങ്ങളൊന്നും നേടിക്കൊടുക്കാനായില്ലെങ്കിലും ബാറ്ററെന്ന നിലയില്‍ ബാബര്‍ തിളങ്ങി.  കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് ടെസ്റ്റില്‍ 1184 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം കളിച്ച നാല് ഏകദിന പരമ്പരകളില്‍ മൂന്നെണ്ണത്തിലും പാക്കിസ്ഥാനെ ജയത്തിലേക്ക് നയിക്കാന്‍ ബാബറിനായി.

ടി20 ക്രിക്കറ്റിലാകട്ടെ പാക്കിസ്ഥാനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച ബാബര്‍ 2009നുശേഷം പാക്കിസ്ഥാനെ ആദ്യമായി ഫൈനലിലെത്തിക്കുന്ന നായകനെന്ന നേട്ടവും സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 148 റണ്‍സിന് പുറത്തായ പാക്കിസ്ഥാന്‍ ഓസ്ട്രേലിയക്ക് 408 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നല്‍കി. രണ്ടാം ഇന്നിംഗ്സില്‍ ആറ് സെഷനുകള്‍ ബാക്കിയിരിക്കെ 508 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാനെ 10 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ഇന്നിംഗ്സിലൂടെ സമനില സമ്മാനിക്കാന്‍ ബാബറിനായി. ഒരുഘട്ടത്തില്‍ പാക്കിസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ഉറച്ച തോല്‍വിയില്‍ നിന്ന് അവരെ കരകയറ്റിയത് 196 റണ്‍സടിച്ച ബാബറിന്‍റെ പ്രകടനമായിരുന്നു. നാലാം ഇന്നിംഗ്സില്‍ ടെസ്റ്റില്‍ നായന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

ഇംഗ്ലണ്ട് വനിതാ താരം നാറ്റ് സ്കൈവര്‍ ആണ് മികച്ച വനിതാ താരം. കഴിഞ്ഞ വര്‍ഷം കളിച്ച 33 മത്സരങ്ങളില്‍ 1346 റണ്‍സും 22 വിക്കറ്റുമാണ് സ്കൈവര്‍ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week