മാനന്തവാടി: സമയം രാവിലെ 7.10. മാനന്തവാടി നഗരസഭയിലുള്‍പ്പെട്ട പയ്യമ്പിള്ളി ചാലിഗദ്ദ എന്ന കാര്‍ഷിക ഗ്രാമം പതിവുപോലെയുള്ള തിരക്കുകളിലായിരുന്നു. എന്നാല്‍ നേര്‍ത്ത മഞ്ഞില്‍ കുളിച്ച് നിന്ന ആ പ്രദേശം പൊടുന്നനെയാണ് വലിയൊരു ദുരന്തത്തിലേക്ക് വഴിമാറിയത്. പുലര്‍ച്ചെ നാലരയോടെ റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയുടെ സാന്നിധ്യം താന്നിക്കല്‍ മേഖലയിലും പിന്നീട് ചാലിഗദ്ധയിലും സ്ഥിരീകരിക്കുകയായിരുന്നു.
അജീഷ് ആക്രമിക്കപ്പെട്ട വീട്ടുമുറ്റത്ത് നിന്ന് ഏകദേശം അമ്പത് മീറ്റര്‍ മാത്രം അകലെയുള്ള ഇഞ്ചിത്തോട്ടത്തില്‍ ഏറെ നേരം മുമ്പ് തന്നെ ആനയെത്തി നിലയുറപ്പിച്ചിരുന്നു. ആദ്യം താന്നിക്കലിലും പിന്നീട് മറ്റു പ്രദേശങ്ങളിലേക്കും മാറിയ ആനയെ പാലളക്കാനും ജോലിക്കുമായി പോയ നാട്ടുകാരില്‍ ചിലര്‍ കണ്ട് വനംവകുപ്പിനെ അറിയിച്ചിരുന്നു.
ഇതുപ്രകാരം ആര്‍.ആര്‍.ടി സംഘത്തിന്റെ ഒരു വാഹനം ആനക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു. കണ്ടത്തില്‍ ജോമോന്‍ എന്നയാളുടെ വീടിനടുത്തായി ഉള്ള ഇഞ്ചി തോട്ടത്തില്‍ ആന നിലയുറപ്പിച്ചതായിരുന്നെങ്കിലും പെട്ടെന്നാണ് ആന റോഡിലേക്ക് എത്തിയത്. ഈ സമയമാണ് കൊല്ലപ്പെട്ട അജീഷ് അടക്കമുള്ളവര്‍ റോഡില്‍ ഉണ്ടായിരുന്നത്. ചിന്നം വിളിച്ചു നാട്ടുകാര്‍ക്ക് നേരെ ഓടിയടുത്ത ആനയില്‍ നിന്ന് രക്ഷപ്പെടാന്‍ ജോമോന്റെ വീട്ടുമുറ്റത്തേക്ക് ആണ് എല്ലാവരും ഓടിക്കയറിയത്.
മതില്‍ സുരക്ഷയാകുമെന്ന് കരുതിയായിരുന്നു ഈ നീക്കമെങ്കിലും ഈ കണക്കുകൂട്ടലെല്ലാം തെറ്റിച്ചാണ് മതിലും ഗേറ്റും സെക്കന്റുകള്‍ കൊണ്ട് തകര്‍ത്ത് അജീഷിനെ മോഴയാന ആക്രമിച്ചത്. അജീഷ് അടക്കമുള്ളവര്‍ ഓടി മാറുന്നതും കൂട്ടത്തില്‍ ഇദ്ദേഹം നിലത്തുവീണുപോകുന്നതും എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റ് ചവിട്ടി മെതിച്ചെത്തിയ ആന അജീഷിനെ ദാരുണമായി ആക്രമിക്കുന്നതുമൊക്കെ പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
ആക്രമണത്തിന് ശേഷം വീടിന്റെ പിറകിലൂടെ അവിടെയുള്ള തോട്ടത്തിലേക്ക് മാറിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം വനംവകുപ്പ് ദ്രുത കര്‍മ്മ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വൈകാതെ തന്നെ അജീഷിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. ഇതിനുപിന്നാലെയാണ് വയനാട് ജില്ല തന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളിലേക്ക് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരവും മാനന്തവാടി നഗരവും വഴി മാറിയത്.
നൂറുകണക്കിന് ജനങ്ങള്‍ മാനന്തവാടി ഗാന്ധി പ്രതിമക്ക് സമീപം തമ്പടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി. രാവിലെ പത്ത് മണിയോടെ തുടങ്ങിയ പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഇതിനിടെ അജീഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നഗരത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതോടെ പ്രതിഷേധത്തിന്റെ മറ്റൊരു രൂപം അധികൃതര്‍ കാണുകയായിരുന്നു. ഇതിനിടയിലേക്കാണ് നിരവധി പോലീസുകാരുടെ അകമ്പടിയോടെ ജില്ല പോലീസ് മേധാവി സ്ഥലത്തെത്തിയത്. എന്നാല്‍ വാഹനത്തില്‍ ആശുപത്രിയിലേക്ക് പോകാന്‍ ഇദ്ദേഹത്തെ സമരക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരുമായി സംസാരിക്കാന്‍ എസ്.പി. ശ്രമിച്ചെങ്കിലും സമരക്കാര്‍ സമ്മതിച്ചില്ല.
ജില്ല പൊലീസ് മേധാവിക്ക് ആശുപത്രിയിലേക്ക് പോകാന്‍ കഴിയാതെ ഇവിടെ തന്നെ ഏറെ നേരം നിലയുറപ്പിക്കേണ്ടിവന്നു. പിന്നീട് എത്തിയ ജില്ലാ കലക്ടര്‍ രേണുരാജിന് പ്രതിഷേധക്കാരുടെ ഗോ ബാക് വിളികളാണ് കേള്‍ക്കേണ്ടിവന്നത്. പ്രതിഷേധം കനത്തുകൊണ്ടിരിക്കെ പൊലീസുകാര്‍ക്കിടയില്‍ ഒരക്ഷരം മിണ്ടാന്‍ പോലുമാവാതെ കലക്ടര്‍ ഏറെ നേരം നില്‍ക്കുന്നത് കാണാമായിരുന്നു. വനംവകുപ്പിന്റെ ഉന്നത അധികാരികള്‍ സ്ഥലത്തെത്തണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും ജില്ലാ പൊലീസ് മേധാവിയെയും കലക്ടറെയും കടത്തിവിടില്ലെന്നുമായിരുന്നു ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
പ്രതിഷേധം തണുപ്പിക്കാന്‍ കഴിയില്ലെന്ന് ആയതോടെ ജില്ല കലക്ടറെ പൊലീസ് ബന്തവസ്സോടെ തന്നെ സ്ഥലത്തുനിന്ന് മാറ്റി. ഇതിനിടെ വനമന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവന എത്തി. ആനയെ മയക്കു വെടിവെക്കാനുള്ള ഒരുക്കം തുടങ്ങിയെന്നും രണ്ടു മണിക്കൂറിനുള്ളില്‍ ഇതിനായുള്ള അനുമതി ലഭിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. ഇക്കാര്യം ഇതറിഞ്ഞിട്ടും ജനങ്ങള്‍ പിന്മാറാതെ പ്രതിഷേധത്തില്‍ തന്നെയാണ്. ഏറ്റവുമൊടുവില്‍ ആനയെ വെടിവെച്ച് കൊല്ലണമെന്നും ഇതിനായുള്ള ഉത്തരവ് ജില്ലകലക്ടര്‍ പുറപ്പെടുവിക്കണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.