കല്‍പറ്റ: പൗരത്വ ഭേദഗതി നിയമത്തില്‍ തന്റെ മാതാവടക്കം ഭീതിയിലാണെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല. ഉത്തര വാദപ്പെട്ട സ്ഥാനത്തിരിക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് പരസ്യമാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ പൗരത്വ കാംപയിനിനു വേണ്ടി തന്റെ പേരും പടവും ദുരുപയോഗപ്പെടുത്തിയതിനെതിരേ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദീല അബ്ദുല്ലയുടെ പരാമര്‍ശം. ബിജെപി രാഷ്ട്രീയ നേട്ടത്തിന് വേണ്ടി താന്‍ ലഘുലേഖ വാങ്ങുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സൈബര്‍ ആക്രമണത്തിനു ഇരയാകുന്നതായി കലക്ടര്‍ പറഞ്ഞു. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണം നടക്കുന്നത്. പോലിസിനോട് നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത്കൊണ്ട് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് വ്യക്തിപരമായി അഭിപ്രായം പറയുന്നില്ല. പക്ഷെ തന്റെ ഉമ്മയടക്കം ബില്ലുമായി ബന്ധപ്പെട്ട ഭീതിയിലാണന്നും കലക്ടര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ലഘുലേഖ ബിജെപി പ്രവര്‍ത്തകര്‍ ക്യാംപ് ഓഫിസിലെത്തി കലക്ടര്‍ക്ക്‌കൈമാറുന്നതിന്റെ ചിത്രം പ്രചരിപ്പിച്ചത് സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിന് വഴിവച്ച സാഹചര്യത്തിലാണ് ഡോ.അദീല അബ്ദുല്ല വാര്‍ത്താ സമ്മേളനം നടത്തിയത്.