ഏറ്റുമാനൂർ:രണ്ട് മാസം മുമ്പ് വരെ വാർത്തകളിൽ ഇടം പിടിച്ച ആതിരമ്പുഴയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി. വെള്ളക്കെട്ട് രൂപപ്പെട്ടെ വഴിയിൽ ഓടകൾ നിർമിച്ച് വഴിയുടെ ശോചനാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം നിർദ്ദേശിച്ചത് ഏറ്റുമാനൂർ MLA യും സഹകരണ രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ . വി. എൻ വാസവനാണ്.
മഴക്കാലത്ത് വഴിയിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം റോഡുകൾ നശിക്കുകയും സമീപ വശങ്ങളിലെ താമസക്കാർക്ക് കടുത്ത ദുരിതവും സമ്മാനിച്ചിരുന്നു. എട്ടുവർഷം മുമ്പ് നടത്തിയ റോഡ് പണിയിലെ അപാകതയാണ് അതിരമ്പുഴ പഞ്ചായത്തിന് തന്നെ അപമാനമായ വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമായത്. സോഷ്യൽ മീഡിയയിലടക്കം ഈ വെള്ളക്കെട്ട് ചർച്ചയായിരുന്നു. റോഡിലെ ടാർ പൂർണ്ണമായും ഇളകി മാറി വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.
അതിരമ്പുഴ ഏഴാം വാർഡ് മെമ്പർ ശ്രീമതി ബേബിനാസ് അജാസിന്റെ ശക്തമായ സമ്മർദ്ദം മൂലം ബഹുമാനപ്പെട്ട മന്ത്രി . വി. എൻ വാസവൻ PWD അധികാരികളോടൊപ്പം സ്ഥലം സന്ദർശിക്കുകയും, സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കി രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ നിർദ്ദേശിക്കുകയായുമായിരുന്നു.
മഴപെയ്ത് തോർന്നാലും ദിവസങ്ങളോളം വെള്ളം കെട്ടി നിൽക്കുക പതിവായിരുന്നു. സമീപ പ്രദേശങ്ങളെക്കാൾ താഴ്ന്ന പ്രദേശമായ ഉപ്പുപുരയ്‌ക്കൽ കവലയിൽ പലസ്ഥലത്ത് നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. മഴവെള്ളം ഒഴുകി പോകാൻ ഓടകളെ ബന്ധിപ്പിച്ച് കടമറ്റം ഭാഗത്തേയ്ക്കുള്ള റോഡിന് അടിവശത്തുകൂടി വഴിയൊരുക്കുകയായിരുന്നു.
ഏഴാം വാർഡിലെ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് അക്ഷീണം പരിശ്രമിക്കുന്ന മെമ്പർ ബേബിനാസ് അജാസിന്റെ വിജയം കൂടിയാണിതെന്ന് നാട്ടുകാർ പറഞ്ഞു. രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളെ അതിജീവിച്ചാണ് തുടർച്ചയായി മൂന്നാം തവണയും ബേബിനാസ് തെരെഞ്ഞെടുക്കപ്പെട്ടത്.