CrimeFeaturedKeralaNews

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലി: കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ സസ്പെൻഡ് ചെയ്തു

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിയുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ ഓഫീസർ എഎം ഹാരിസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാന്റേതാണ് ഉത്തരവ്. ഹാരിസിനും രണ്ടാംപ്രതി ജോസ്മോനുമെതിരെ കൂടുതൽ അന്വേഷണം നടത്തും. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിൽ വിശദമായ വിജിലൻസ്  അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

കോട്ടയം ജില്ലാ ഓഫീസർ എ എം ഹാരിസിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകാൻ പണം വാങ്ങുന്നതിനിടെയാണ് ഹാരിസ് അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിന്‍റെ ഉടമയിൽ നിന്ന് മുമ്പ് ജില്ലാ ഓഫിസറായിരുന്ന ജോസ് മോനും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ഉയർന്നിരുന്നു. 

ഹാരിസിന്‍റെ ആലുവയിലെ ആഡംബര ഫ്ളാറ്റിൽ നടത്തിയ റെയ്ഡില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരമാണ് കണ്ടെത്തിയത്. ഒട്ടേറെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയ നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. ഓരോ കവറിലും അൻപതിനായിരത്തോളം രൂപയുണ്ടായിരുന്നു. ഇവ സൂക്ഷിച്ചിരുന്നത് ബക്കറ്റിലും പാത്രങ്ങളിലും കിച്ചൻ കാബിന്‍റെ അടിയിലും അലമാരയിലും ഒക്കെയായിട്ടായിരുന്നു. ഇങ്ങനെ 17 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. ഒരു റെയ്ഡിൽ ഇത്രയും നോട്ടുകെട്ടുകൾ കണ്ടെത്തുന്നത് ആദ്യമെന്നായിരുന്നു വിജിലൻസ് സംഘം പറഞ്ഞത്. പണം എടുത്ത ശേഷം ഉപേക്ഷിച്ച ഒട്ടേറെ കവറുകളും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. 

ഈ കേസിന്‍റെ തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ജോസ് മോന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. സീനിയർ എൻവയോൺമെന്‍റല്‍ എഞ്ചിനീയറായ ജോസ് മോന്‍ ഒളിവിലാണ്. ജോസ് മോനെ കണ്ടെത്താൻ വിജിലൻസ് പൊലീസിന്റെ സഹായം തേടി. ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകൾ കണ്ടെത്തിയിരുന്നു.

കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളും കണ്ടെടുത്തു. ഒന്നര ലക്ഷം രൂപയും അമേരിക്കൻ ഡോളർ അടക്കം വിദേശ കറൻസികളും വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്തു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker