കൊച്ചി: സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍ ആണെന്നും തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്കി. വിനോദ നികുതിയിലേ ഇളവ് മാര്‍ച്ച് 31നു ശേഷവും വേണമെന്നും ചേമ്പര്‍ കത്തില്‍ ആവശ്യപ്പെട്ടു.
കുടുംബ പ്രേക്ഷകര്‍ കൂടുതലും വരുന്നത് സെക്കന്‍ഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് അമ്പത് ശതമാനമെങ്കിലും ആളുകള്‍ക്ക് അനുമതി നല്കി ഷോ അനുവദിക്കണമെന്ന് ആദ്യം മുതല്‍ സംഘടനകള്‍ ആവശ്യപ്പെട്ടുരുന്നു. എന്നാല്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് പറഞ്ഞത്.
നിലവില്‍ ഇറങ്ങിയ സിനിമകള്‍ക്ക് പോലും കളക്ഷന്‍ ഇല്ലെന്നും ഫിലിം ചേമ്പറും നിര്‍മാതാക്കളും പറയുന്നു. നാളെ മുതല്‍ നടത്താനിരുന്ന റിലീസുകള്‍ എല്ലാം തന്നെ കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്.
ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്. മാര്‍ച്ച് 4ന് ചിത്രം തിയറ്ററില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്.