മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ അട്ടിമറിക്കുകയായിരുന്നില്ല ഉദ്ദേശിച്ചതെന്നു വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്ഗിനി പ്രിഗോഷിൻ. യുക്രെയ്ൻ യുദ്ധത്തിൽ കാര്യമായ ഇടപെടൽ നടത്താത്ത ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചാണ് മോസ്‌കോയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ടെലഗ്രാം വഴിയുള്ള 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് പ്രിഗോഷിന്റെ വെളിപ്പെടുത്തൽ.
‘‘ഞങ്ങൾ നേരിട്ട അനീതിയെ തുടർന്നാണു പ്രതിഷേധിച്ചത്. വാഗ്നറുകളുടെ നാശം ഒഴിവാക്കുക, പിഴവുകൾ വരുത്തിയ ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടുക എന്നതായിരുന്നു പ്രതിഷേധത്തിന്റെ ലക്ഷ്യം.’’– യെവ്ഗിനി പ്രിഗോഷിൻ പറഞ്ഞു. താൻ എവിടെയാണെന്നു വ്യക്തമാക്കാതെയാണു പ്രിഗോഷിന്റെ സന്ദേശം.
രാജ്യത്തെയും ഭരണകൂടത്തെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയാണ് വാഗ്നർ കൂലിപ്പട്ടാളം പിന്മാറിയത്. തലസ്ഥാനമായ മോസ്‌കോയ്‌ക്ക് 200 കിലോമീറ്റർ അടുത്തെത്തിയ ശേഷമാണ് ഒത്തുതീർപ്പു ശ്രമങ്ങളുടെ ഫലമായി കലാപസേന പിന്തിരിഞ്ഞത്.