'വിശാൽ മദ്യത്തിന് അടിമ, സ്വന്തമായി ഒരു കാർ പോലുമില്ല, കടബാധ്യതകൾ ഏറെ, ആരും സഹായിക്കാനും തയ്യാറാകുന്നില്ല'
![](https://breakingkerala.com/wp-content/uploads/2025/01/bayilvanranganathanvishalnew-1736246712-780x470.jpg)
ചെന്നൈ: മെലിഞ്ഞ ശരീരം… വിറയ്ക്കുന്ന കൈകളും കാലുകളും, കുഴയുന്ന നാക്ക്… നീരുവെച്ച മുഖം… തമിഴ് സിനിമയിലെ ആക്ഷൻ ഹീറോ വിശാലിനെ കഴിഞ്ഞ ദിവസം ഇങ്ങനൊരു അവസ്ഥയിൽ കണ്ടപ്പോൾ വിശാൽ തന്നെയാണോയെന്ന് ഒരു നിമിഷം എല്ലാവരും സംശയിച്ചു. അത്രത്തോളം അവശനായാണ് പന്ത്രണ്ട് വർഷങ്ങൾക്കുശേഷം റിലീസ് ചെയ്യുന്ന വിശാൽ ചിത്രം മദഗജരാജയുടെ പ്രൊമോഷൻ പരിപാടിയിൽ നടൻ എത്തിയത്. ഫിറ്റ്നസിന് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു താരം എങ്ങനെ ഈ അവസ്ഥയിലായി എന്നത് സംബന്ധിച്ചാണ് സോഷ്യൽമീഡിയ ചർച്ചകൾ ഏറെയും.
ഉയർന്ന പനിയും മൈഗ്രെയ്നും കാരണമാണ് വിശാൽ അവശനായതെന്നാണ് അണിയറപ്രവർത്തകർ പറഞ്ഞത്. എന്നാൽ അതല്ല സത്യമെന്നാണ് ആരാധകരുടെ വാദം. പരിപാടിക്കുശേഷം നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിശാലിനെ കുറിച്ച് പത്രപ്രവർത്തനരംഗത്തുണ്ടായിരുന്ന ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇട്ട് മൂടാൻ കടമുള്ള അവസ്ഥയിലാണ് വിശാലിന്റെ ജീവിതമെന്ന് ബയിൽവാൻ രംഗനാഥൻ പറയുന്നു. നടനെ ആരും സഹായിക്കാൻ തയ്യാറാകുന്നില്ലെന്നും ബയിൽവാൻ രംഗനാഥൻ കഴിഞ്ഞ ദിവസം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. വിശാൽ നേരത്തെ തന്നെ മദ്യത്തിന് അടിമയാണ്. ഇപ്പോൾ മാനസികമായി വിഷമത്തിലാണ്. കടബാധ്യതകൾ ഏറെയുണ്ട്.
അതിന് ഉത്തരം പറയാൻ പറ്റാത്ത അവസ്ഥയിലായതിനാൽ കൈകാലുകൾക്ക് വിറയലുണ്ടാകാം. തൻ്റെ സിനിമ എങ്ങനെ എത്തുമെന്നും ബിസിനസ് ചെയ്യപ്പെടും എന്നതിനെ കുറിച്ചുമൊന്നും വിശാലിന് ധാരണയുണ്ടായിരുന്നില്ല. സ്വന്തമായി പണം മുടക്കി സിനിമ പിടിച്ചവർക്കെല്ലാം ഇതേ അവസ്ഥയാണ്. അഭിനയിക്കുക, കാശ് വാങ്ങുക, പോവുക എന്ന രീതിയാണെങ്കിൽ യാതൊരു വിധ പ്രശ്നവുമുണ്ടാകില്ല.
എല്ലാ ചിലവും വഹിച്ച് കണക്കുകൾ അടക്കം വിശാൽ സ്വയമാണ് നിയന്ത്രിച്ചിരുന്നത്. പക്ഷെ ഒട്ടുമിക്ക വിശാൽ സിനിമകളും പരാജയമായി. കൂടാതെ നടൻ ജീവിതത്തിലും സെറ്റിലായിട്ടില്ല. മൂന്ന് പ്രാവശ്യം വിവാഹം നിശ്ചയിച്ചു. മദഗജരാജയുടെ നിർമ്മാണക്കമ്പനിക്കുള്ള കടബാധ്യതയാണ് ചിത്രത്തിൻ്റെ റിലീസ് വൈകാൻ കാരണം.
ആ പ്രശ്നം ഇപ്പോൾ തീർന്നോ അതോ വിശാൽ പണം മുടക്കി ചിത്രം വാങ്ങിയോ എന്നൊന്നും അറിയില്ല. എനിക്കറിയാവുന്ന വിശാലിന് സിനിമ വാങ്ങാനുള്ള പണമിപ്പോഴില്ല. പുതിയ സിനിമയിൽ അഭിനയിക്കാൻ പോലും കഴിയില്ല. കാരണം ലോൺ വാങ്ങിയിട്ടുണ്ട്. പിന്നീട് അത് കേസായി മാറും. വിശാലിൻ്റെ ശരീരത്തിന് കുഴപ്പമില്ല. എല്ലാം മനസിനുള്ള അസ്വസ്ഥതകളാണ്. ക്രിക്കറ്റ് ടൂർണമെൻ്റ്, അഭിനേതാക്കളുടെ സംഘടന, നിർമ്മാതാക്കളുടെ സംഘടന എല്ലാത്തിന്റെ ഭാരവാഹിത്വം വഹിച്ചത് വിശാലിനെ കടക്കാരനാക്കി.
നടനെ സഹായിക്കാൻ ഇപ്പോൾ ആരും തയ്യാറല്ല. വിശാലിന്റെ കാലൻ അയാൾ പരസ്യമായി പറയാറുള്ള വാക്കുകളാണ്. നടികർ സംഘ കെട്ടിടം പണിത ശേഷമെ വിവാഹം നടത്തുകയുള്ളുവെന്ന് വിശാൽ പറഞ്ഞിരുന്നു. വിവാഹം പോലും ഇപ്പോൾ വിശാലിന് സാധ്യമാകുന്നില്ല. സ്വന്തമായി കാർ പോലുമില്ലാത്ത അവസ്ഥയിലാണ് വിശാൽ.
സിനിമയെ കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും തുടരെ തുടരെ സിനിമകൾ നിർമ്മിച്ച് നടൻ കടക്കെണിയിലായി. ഞാൻ അഭിനയിച്ച സിനിമയിൽ നിന്ന് മറ്റാരും സമ്പാദിക്കരുത് എന്ന് കരുതി വിശാൽ അതിബുദ്ധി കാണിച്ചു. ഇതാണ് ഏഴര ശനിയായി പിടികൂടിയത്. അതുപോലെ മൈക്ക് കിട്ടിയാൽ എന്തും സംസാരിക്കുന്ന പ്രകൃതവും വിനയായി. ഉദയനിധിയും വിശാലും നല്ല സുഹൃത്തുക്കളാണ്. ഉദയനിധിയോട് സംസാരിക്കണമെങ്കിൽ അദ്ദേഹത്തോട് സ്വകാര്യമായി സംസാരിക്കുക.