കൊച്ചി: റംസാൻ-വിഷു ചന്തകൾ അനുവദിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും വോട്ടർമാരെ സ്വാധീനിക്കുമെന്നും കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. ചന്തകൾ ആരംഭിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 250 ഓളം ചന്തകൾ തുടങ്ങാനാണ് കൺസ്യൂമർഫെഡ് തീരുമാനിച്ചിരുന്നത്.
സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് ചന്ത തുടങ്ങുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഉത്സവകാലത്ത് ഇവ ആരംഭിച്ചാൽ അത് വോട്ടർമാരെ സ്വാധീനിക്കുമെന്നുമാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ചന്തകൾ തുടങ്ങാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് മുൻപ് എടുത്തതാണെന്നതാണ് കൺസ്യൂമർഫെഡിന്റെ നിലപാട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടിൽ ഉറച്ചുനിൽക്കുകയും ഹൈക്കോടതിയിൽനിന്ന് മറിച്ചൊരു ഉത്തരവ് ഉണ്ടാകാതിരിക്കുകയും ചെയ്താൽ കേരളത്തിൽ ഇത്തവണ റംസാൻ-വിഷു ചന്തകൾ ഉണ്ടാകില്ല. വിശദമായ വാദം കേൾക്കാനായി കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റി.