മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു; സംഭവം കാസർകോട്

കാസർകോട്: വീട്ടിനുള്ളിൽ അമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ചീമേനി ചെമ്പ്രങ്ങാനത്താണ് സംഭവം. സജന(36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സജന ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഞണ്ടാടി സ്വദേശിയും ചോയ്യംങ്കോട് കെഎസ്ഇബി സബ് എൻജിനീയറുമായ ടി എസ് രഞ്ജിത്തിന്റെ ഭാര്യയാണ് സജന. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

വീടിന്റെ ഒന്നാം നിലയിൽ ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ തന്നെ പോസ്റ്റ്‌മോർട്ടവും നടത്തും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഞങ്ങാടിയിലെ പാടിയിൽ നാരായണന്റെയും യമുനയുടെയും മകളായ സജന പഞ്ചായത്ത് ജീവനക്കാരിയാണ്.

അതേസമയം, എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കൂട്ടികളുമായി യുവതി കിണറ്റിൽ ചാടി. ഇതിൽ രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മരിച്ച കുട്ടികളിൽ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News