FeaturedHome-bannerNewsOtherSports

ചരിത്രമെഴുതി വിനേഷ് ഫോഗട്ട്,വനിതാ ഗുസ്തിയിൽ ഫൈനലിൽ; സ്വർണമോ വെള്ളിയോ ഉറപ്പിച്ചു

പാരിസ്∙ ഈ ഒളിംപിക്സിൽ ആദ്യമായി ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ ഉറപ്പാക്കി വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫോഗട്ട് ഫൈനലിൽ. ആവേശകരമായ സെമിപോരാട്ടത്തിൽ ക്യൂബയുടെ യുസ്‌നെലിസ് ലോപ്പസിനെയാണ് വിനേഷ് ഫോഗട്ട് വീഴ്ത്തിയത്. 5–0നാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഇതോടെ, ഒളിംപിക്സ് ഗുസ്തി ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി. പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഇതുവരെ മൂന്നു മെഡലുകൾ ലഭിച്ചെങ്കിലും, മൂന്നും വെങ്കല മെഡലുകളായിരുന്നു. ആദ്യമായാണ് ഒരു താരം സ്വർണമോ വെള്ളിയോ ഉറപ്പിക്കുന്നത്. ഷൂട്ടിങ്ങിനു പുറമേ പാരിസിൽ മറ്റൊരു ഇനത്തിൽ നിന്ന് ഇന്ത്യ മെഡൽ ഉറപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്.

പ്രീക്വാർട്ടറിൽ ജപ്പാന്റെ ലോക ചാംപ്യൻ യുയ് സുസാകിയെ തോൽപിച്ചാണ് വിനേഷ് ഫോഗട്ട് മുന്നേറിയത്. നാലു തവണ ലോക ചാംപ്യനായ സുസാകി, രാജ്യാന്തര തലത്തിൽ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോർഡോടെയാണ് വിനേഷ് ഫോഗട്ടിനെതിരെ ഗോദയിലിറങ്ങിയത്. ആവേശകരമായ മത്സരത്തിൽ അവസാന 20 സെക്കൻഡോളം 2–0ന് പിന്നിലായിരുന്ന വിനേഷ് ഫോഗട്ട്, അവസാന നിമിഷങ്ങളിലാണ് വിജയം പിടിച്ചു വാങ്ങിയത്. ടോക്കിയോ ഒളിംപിക്സിൽ ഒരു പോയിന്റ് പോലും നഷ്ടമാക്കാതെ സ്വർണം നേടിയ ജപ്പാൻ താരത്തെ മലർത്തിയടിച്ചതോടെ വിനേഷിന്റെ ആത്മവിശ്വാസം വാനോളമുയർന്നു.

പിന്നീട് ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ യുക്രെയ്ൻ താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തി വിനേഷ് ഫോഗട്ട് സെമിയിലേക്കു മുന്നേറി. മുൻ യൂറോപ്യൻ ചാംപ്യനും ലോക ചാംപ്യൻഷിപ്പ് മെഡൽ ജേതാവുമായ യുക്രെയ്ൻ താരത്തെ 7–5നാണ് ഫോഗട്ട് തകർത്തത്. 29 വയസ്സുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖർഖോഡ സ്വദേശിനിയാണ്. 2020, 2016 ഒളിംപിക്സുകളിൽ മത്സരിച്ചിട്ടുണ്ട്. 2022, 2018, 2014 കോമൺവെൽത്ത് ഗെയിംസുകളില്‍ ഇന്ത്യയ്ക്കായി സ്വർണം നേടി. 2018 ഏഷ്യൻ ഗെയിംസിലും മെഡൽ നേടി.

വനിതാ വിഭാഗം 400 മീറ്റർ റെപ്പഷാജ് റൗണ്ടിൽ മത്സരിച്ച കിരൺ പാഹലിന് നിരാശ. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരത്തിന് സെമിയിൽ കടക്കാനായില്ല. താരത്തിന് നേരിട്ടു സെമിഫൈനൽ യോഗ്യത നേടാനായിരുന്നില്ല. 52.51 സെക്കൻഡിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിരൺ റെപ്പഷാജ് റൗണ്ടിനാണ് യോഗ്യത നേടിയത്. 6 ഹീറ്റ്സിൽ ഓരോന്നിലും ആദ്യ 3 സ്ഥാനത്തെത്തിയ താരങ്ങൾ നേരിട്ടു സെമിയിലെത്തി. ടേബിൾ ടെന്നിസിൽ പുരുഷ ടീം ഇനത്തിൽ പ്രീക്വാർട്ടറിൽ ഹർമീത് ദേശായി, ശരത് കമൽ, മാനവ് താക്കർ എന്നിവർ ഒന്നാം സീഡായ ചൈനയോടു തോറ്റു പുറത്തായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker