എനിക്ക് പരാതിയില്ല ; കരി ഓയില്‍ പ്രയോഗത്തിനും മുഖത്തടിക്കും പിന്നാലെ മാപ്പ് പറഞ്ഞ് വിജയ് പി നായര്‍

തിരുവനന്തപുരം: പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചതിന് ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിന് പിന്നാലെ മാപ്പ് പറഞ്ഞ് യൂട്യൂബര്‍ വിജയ് പി നായര്‍. സ്ത്രീകളുടെ കൈയേറ്റത്തില്‍ തനിക്ക് പരാതിയില്ലെന്നും അത് അവരുടെ വൈകാരിക പ്രകടനമാണെന്നും താന്‍ അവരോട് മാപ്പ് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആ ഒരു വീഡിയോ തയ്യാറാക്കിയതെന്നും വീഡിയോ ഇത്ര വൈറലാകുമെന്ന് താന്‍ കരുതിയില്ലെന്നും തന്റെ ലാപ്‌ടോപ്പും മൊബൈലും സ്ത്രീകള്‍ കൊണ്ടുപോയന്നും വിജയ് പി നായര്‍ പറഞ്ഞു.

ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഇയാളുടെ വീഡിയോയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. വളരെ മോശമായ രീതിയിലാണ് ഇയാള്‍ വീഡിയോയിലൂടെ പലരെയും അധിക്ഷേപിച്ചിരുന്നത്. കേരളത്തിലെ ഫെമിനിസ്റ്റുകള്‍ അടിവസ്ത്രം ധരിക്കാറില്ല എന്ന വീഡിയോ വളരെയേറെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.