30 C
Kottayam
Friday, April 26, 2024

കൈക്കൂലിക്കേസിലെ പ്രതിയിൽനിന്ന് കൈക്കൂലി വാങ്ങി;വിജിലൻസ് DySP-ക്ക് സസ്‌പെൻഷൻ

Must read

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ പ്രതിയായ വിജിലന്‍സ് ഡിവൈ.എസ്.പി.യെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി.യായ വേലായുധന്‍ നായരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. വീട്ടിലെ വിജിലന്‍സ് റെയ്ഡിനിടെ കടന്നുകളഞ്ഞ വേലായുധന്‍ നായര്‍ ഇപ്പോഴും ഒളിവിലാണ്.

കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍നിന്ന് ഒഴിവാക്കാനായി വേലായുധന്‍ നായര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ സ്റ്റാലിനില്‍നിന്നാണ് ഇയാള്‍ പണം കൈപ്പറ്റിയത്. അടുത്തിടെ തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നാരായണന്‍ സ്റ്റാലിനെ വീണ്ടും പിടികൂടിയിരുന്നു. തുടര്‍ന്ന് ഇയാളുടെ പണമിടപാടുകള്‍ പരിശോധിച്ചതോടെയാണ് വേലായുധന്‍ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ കൈമാറിയതായി കണ്ടെത്തിയത്.

തിരുവല്ലയില്‍നിന്ന് അടുത്തിടെ പിടിയിലാകുന്നതിന് മുന്‍പ് 2015-ല്‍ മറ്റൊരു കൈക്കൂലിക്കേസിലും നാരായണന്‍ സ്റ്റാലിന്‍ പിടിയിലായിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയ വേലായുധന്‍ നായര്‍, നാരായണനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. അടുത്തിടെ നാരായണന്‍ വീണ്ടും പിടിയിലായതോടെയാണ് നേരത്തെയുള്ള കേസില്‍നിന്ന് കുറ്റവിമുക്തനാക്കാന്‍ കൈക്കൂലി നല്‍കിയ വിവരവും പുറത്തറിയുന്നത്.

അതേസമയം, കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടക്കുന്നതിനിടെ വീട്ടില്‍നിന്ന് മുങ്ങിയ വേലായുധന്‍ നായര്‍ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളുടെ കഴക്കൂട്ടത്തെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയത്. റെയ്ഡ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ മഹസറില്‍ ഒപ്പുവെച്ച വേലായുധന്‍ നായര്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വീടിന്റെ പിന്‍വശത്തുകൂടി കടന്നുകളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week