തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ ഇപ്പോള്‍ തുറക്കരുതെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയും വിശ്വ ഹിന്ദു പരിഷത്തും. ക്ഷേത്രം ഇപ്പോള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ തീരുമാനം. ഭക്തര്‍ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കണം. തങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഹിന്ദുഐക്യവേദി, വിഎച്ച്പി നേതാക്കള്‍ അറിയിച്ചു.
ക്ഷേത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ക്ഷേത്രങ്ങള്‍ തുറന്നുകൊടുത്താല്‍ രോഗത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചവര്‍ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങള്‍ക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു.
ദേവസ്വം ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ സംഭരിച്ചുവച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയായാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കാതെ ക്ഷേത്രങ്ങള്‍ക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകള്‍ പരിഹരിക്കാന്‍ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്ന് ദേവസ്വം ബോര്‍ഡ് തയാറാവരുതെന്നും സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി പറഞ്ഞു.
അതേ സമയം, തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രം ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്തില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയാണ് നാളെ മുതല്‍ ക്ഷേത്രത്തില്‍ പ്രവേശനം. നേരത്തെ തന്നെ 10 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ക്ക് ഗുരുവായൂരില്‍ അനുമതി നല്‍കിയിരുന്നു.