ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ പാവൂക്കര സ്വദേശിനി സലീല തോമസാ(69)ണ് മരിച്ചത്. ഇവരുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അഞ്ചാം തീയതിയാണ് ബംഗളൂരുവില്‍ നിന്ന് ഇവര്‍ നാട്ടിലെത്തിയത്. മൂന്ന് മാസമായി മകനൊപ്പം ബംഗളൂരിലായിരുന്നു. അതിന് മുന്‍പ് ഇവര്‍ ഡല്‍ഹിയിലായിരുന്നു. ഇന്നലെ ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവച്ച് മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട്ടും നിരീക്ഷണത്തിലുള്ള ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ബംഗളൂരുവില്‍നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പെരുമണ്ണ പാറക്കുളം സ്വദേശി ബീരാന്‍ കുട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും വീട്ടില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളയാളായിരുന്നു.
കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കുള്ള വഴിമധ്യേ രാത്രി എട്ടു മണിയോടെയാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.