തിരുവനന്തപുരം : ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലെ സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഐഎമ്മിന്റെ കരിദിനാചരണത്തിനെതിരെ വെള്ളാപ്പള്ളി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരില്‍ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തി നാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജനലക്ഷങ്ങള്‍ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കൂവെന്നും വെള്ളാപ്പള്ളി കുറിപ്പിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം………………………………………………..
ശ്രീനാരായണഗുരുദേവ ജയന്തി ദിനമായ ഇന്ന് സി.പി.എം കരിദിനമാചരിക്കുന്നതിൽ ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നു. ജനലക്ഷങ്ങൾ പ്രത്യക്ഷദൈവമായി ആരാധിക്കുന്ന ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാൻ സാധിക്കു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ഞങ്ങൾക്കും ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽത്തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും, അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണ്.
വെള്ളാപ്പളളി നടേശൻ
എസ് എൻ ഡി പി യോഗം
ജനറൽ സെക്രട്ടറി