മെയ്ദിനാഘോഷം ഒഴിവാക്കി പാമ്പാടിയില്‍ പാവപ്പെട്ടവര്‍ക്ക് 5000 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

പാമ്പാടി: പാമ്പാടിയിലെ ഈ വര്‍ഷത്തെ മെയ്ദിനാഘോഷം ഒഴിവാക്കി 5000 പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്യുന്നു. പാമ്പാടി മേഖലയില്‍ 3000 കിറ്റുകള്‍ ശനിയാഴ്ച വിതരണം ചെയ്തു. വെള്ളൂര്‍ മേഖലയില്‍ 2000 കിറ്റുകള്‍ തിങ്കളാഴ്ച വിതരണം നടത്തും. 12 കൂട്ടം സാധനങ്ങള്‍ അടങ്ങിയ 6 കിലോ തൂക്കംവരുന്ന കിറ്റുകളാണ് നല്‍കുന്നത്.

മൂന്ന് പതിറ്റാണ്ടിലധികമായി പാമ്പാടിയില്‍ നടത്തുന്ന വിപുലമായ മെയ്ദിനാഘോഷ പരിപാടികളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. തൊഴിലാളികള്‍ക്കും പാവങ്ങള്‍ക്കും ആണ് കിറ്റുകള്‍ നല്‍കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പാമ്പാടി ലോക്കല്‍ കമ്മറ്റി അംഗം വിപി ബിജുവിന് കിറ്റ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വ റെജി സഖറിയ, സിഐടിയു പുതുപ്പള്ളി ഏരിയ പ്രസിഡണ്ട് ഇ എസ് സാബു സിപിഐ എംപാമ്പാടി ലോക്കല്‍ സെക്രട്ടറി വി എം പ്രദീപ് കര്‍ഷകസംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

മൈസൂരില്‍ നിന്നു പ്രത്യേക ഓര്‍ഡര്‍ നല്‍കി സംസ്ഥാനഗവണ്‍മെന്റ് അനുമതിയോടു കൂടിയാണ് പച്ചക്കറികള്‍ വിതരണത്തിന് എത്തിച്ചത്. പായ്ക്ക്‌ചെയ്ത പച്ചക്കറികള്‍ പ്രത്യേക വാഹനങ്ങളില്‍ ഓരോ പ്രദേശങ്ങളിലും എത്തിച്ചു വീടുകളില്‍ നല്‍കുകയാണ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News