കാശ്മീരില്‍ ഭീകരുമായി ഏറ്റുമുട്ടല്‍; കേണലും മേജറും അടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയായ ഹന്ദ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു കേണലും മേജറും അടക്കം അഞ്ച് പേര്‍ക്ക് വീരമൃത്യു. നാല് സൈനികരും ഒരു പോലീസുകാരനുമാണ് മരണപ്പെട്ടത്. ഏറ്റുമുട്ടലില്‍ രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു. ഹന്ദ്വാരയിലെ ചഞ്ച്മുല്ലയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് ആക്രമണം ആരംഭിച്ചത്.

രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിലെ 4 സൈനിക ഉദ്യോഗസ്ഥരും ജമ്മു കശ്മീര്‍ പോലീസിലെ ഒരു ഉദ്യോഗസ്ഥനുമാണ് മരണപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതില്‍ നടന്നിരുന്നു. ഇതിനെ ചെറുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിനു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. രാത്രിയാണ് ഇവര്‍ കൊല്ലപ്പെട്ടത്.

കൂടുതല്‍ ഭീകരവാദികള്‍ ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍. ഇവരെ കണ്ടെത്താനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തീവ്രവാദികള്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന. ഒപ്പം, വീട്ടുകാരെ ഭീഷണിപ്പെടുത്തി വീടുകളില്‍ കഴിയുന്ന തീവ്രവാദികളും ഉണ്ട്. ഗ്രാമം മുഴുവന്‍ ഇപ്പോള്‍ സൈന്യവും പൊലീസും സംയുക്തമായി പരിശോധിക്കുകയാണ്.

കേണല്‍ അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ്, ഒരു ലാന്‍സ് നായിക്, ഒരു റൈഫിള്‍മാന്‍, പൊലീസ് എസ് ഐ ഷക്കീല്‍ ഖാസി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News