KeralaNews

സംസ്ഥാന സർക്കാരിന്‍റെ ധൂർത്താരോപണങ്ങൾ, മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം:കോവിഡ് 19 പ്രതിസന്ധിയുടെ കാലത്ത് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം തവണകളായി മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ എതിർക്കുന്നവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപെട്ടവരായാലും ജനങ്ങൾക്കു മുന്നിൽ പരിഹാസ്യരാകുമെന്നതാണ് ഇപ്പോഴത്തെ അനുഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യവും വിവിധ സംസ്ഥാനങ്ങളും പ്രത്യേക തരത്തിലെ ധനപ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കേന്ദ്രസർക്കാർ ഡി. എ മരവിപ്പിക്കുകയാണ് ചെയ്തത്. ഇതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നരമാസത്തെ ശമ്പളത്തിന് തുല്യമായ തുക ചുരുങ്ങിയത് നഷ്ടപ്പെടും. ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാരും ഡി. എ പിടിക്കുന്ന നിലപാടെടുത്തു. രാജസ്ഥാനിൽ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോൺഗ്രസ് വിമർശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.
ഗുരുനാഥനോട് നാട് കാട്ടുന്ന ആദരവിന് ചേർന്ന സമീപനമല്ല ഒരു മാസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള ഉത്തരവ് ചില അധ്യാപകർ കത്തിച്ച നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് നേതൃത്വം നൽകിയ അധ്യാപകന്റെ സ്‌കൂളിലെ കുട്ടികൾ ചേർന്ന് തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ഇതിനുള്ള ഉചിതമായ മറുപടിയായി. ഇതാണ് നാടിന്റെ പ്രതികരണമെന്ന് അവർ മനസിലാക്കണം. കത്തിച്ചവർക്ക് മാനസാന്തരമൊന്നും വരില്ല. അവർ അത്തരമൊരു മനസിന്റെ ഉടമകളായിപ്പോയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ കേസ് വരുമ്പോൾ അതിനെ ശരിയായ രീതിയിൽ പ്രതിരോധിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. അതിനായി പ്രധാനപ്പെട്ട അഭിഭാഷകരെ നിയോഗിക്കേണ്ടി വരും. ഈ രീതി എല്ലാക്കാലത്തുമുണ്ട്. ഏത് സർക്കാരായാലും ഇത് ചെയ്യേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്ന് പ്രവാസികൾ മടങ്ങിയെത്തി ക്വാറന്റൈനിൽ കഴിയുമ്പോൾ അവർ സ്വയം റിപ്പോർട്ട് ചെയ്യേണ്ട അവസ്ഥയുണ്ട്. ഇതിനായി ഒരു പ്രത്യേക സാങ്കേതിക വിദ്യ ഏർപ്പെടുത്തും. നിശ്ചിത സമയത്ത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അവരെ അലർട്ട് ചെയ്യുന്ന സംവിധാനമുണ്ടാവും. ഇവരെ ബന്ധപ്പെടുന്നതിനും പരിശോധിക്കുന്നതിനും എല്ലാ പഞ്ചായത്തിലും ഡോക്ടർമാർ ഉണ്ടാവും. ആവശ്യമായ മൊബൈൽ ക്‌ളിനിക്കുകളും ടെലി മെഡിസിൻ സംവിധാനവും ഏർപ്പെടുത്തും. സംസ്ഥാനത്തുള്ളവരുടെ കാര്യത്തിലും ഇതേനടപടി തന്നെ സ്വീകരിക്കും. സംസ്ഥാനത്തിന് പുറത്ത് വീടുള്ളവർ തത്ക്കാലം അവിടെ തന്നെ തുടരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോൺ ബ്രിട്ടാസ് അവതാരകനായ പരിപാടി ഞായറാഴ്ച 7.30 നാണ് സംപ്രേഷണം ചെയ്യുന്നത്.

സംസ്ഥാന സർക്കാരിന്‍റെ ധൂർത്തെന്ന പേരിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഹെലിക്കോപ്റ്റർ വാടകയ്ക്ക് എടുത്തതിനെപ്പറ്റിയുള്ള ആക്ഷേപത്തിന് മുഖ്യമന്തിയുടെ മറുപടി ഇങ്ങനെ:
സുരക്ഷാ കാര്യങ്ങൾക്കും ദുരന്ത പ്രതികരണത്തിനും ഇതാവശ്വമാണ്. രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങൾക്ക് ഹെലിക്കോപ്റ്ററുകളോ വിമാനങ്ങളോ ഉണ്ട്. എയർ ഫോഴ്സ് വിമാനങ്ങൾ ഉള്ളപ്പോൾ തന്നെ സുരക്ഷയ്ക്ക് കേന്ദ്രവും വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. അതൊക്കെ ആവശ്യമായിരിക്കും.

ഉപദേഷ്ടാക്കളുടെ പേരിലുളള ആരോപണത്തേയും മുഖ്യമന്ത്രി പരിഹസിച്ചു തളളി. ഒരു മുതിർന്ന ഉദ്യോഗസ്ഥന് നൽകുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്‍റെ ഉപദേഷ്ടാക്കൾക്ക് എല്ലാം കൂടി നൽകുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ആരോപണങ്ങളുടേയൊക്കെ പൊളളത്തരം ആർക്കും മനസിലാകുന്നതാണ്. വാഹനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച വിവാദത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. എത്രയോ വാഹനങ്ങൾ കാലഹരണപ്പെട്ടിട്ടും അപൂർവമായി മാത്രമാണ് പുതിയത് സർക്കാർ വാങ്ങുന്നത്. ബാലിശമായ ആരോപണമായതുകൊണ്ടാണ് താൻ ഇതു വരെ ഇതിനോട് പ്രതികരിക്കാതിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker