FeaturedHome-bannerKeralaNews

ശൈലജയുടെ കസേരയില്‍ ഇനി വീണ;കെ.എൻ.ബാലഗോപാൽ ധനമന്ത്രി, രാജീവിന് വ്യവസായം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമന്ത്രിയായി വീണ ജോർജ്ജ്. കെ.കെ ശൈലജയുടെ പിൻഗാമിയായി വീണ ജോർജ്ജ് ഇനി ആരോഗ്യവകുപ്പിനെ നയിക്കും.

മാധ്യമ പ്രവർത്തകയായിരുന്ന വീണ ആറന്മുളയിൽ നിന്ന് ഇത് രണ്ടാം തവണയാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് അന്തിമരൂപമായി.

ബുധനാഴ്ച ചേർന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിക്കാൻ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

മന്ത്രിമാരും വകുപ്പുകളും:

*കെ.എൻ ബാലഗോപാൽ – ധനകാര്യം*
കെ.രാധാകൃഷ്ണൻ – പൊതുമരാമത്ത്
സജി ചെറിയാൻ, ഫിഷറീസ്, സാംസ്കാരികം
കെ.കൃഷ്ണൻകുട്ടി: വൈദ്യുതി

പി.രാജീവ് – വ്യവസായം*

*വീണാ ജോർജ് -ആരോഗ്യവകുപ്പ്*

*ആർ.ബിന്ദു – ഉന്നത വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം*

*എം.വി.ഗോവിന്ദൻ – തദ്ദേശ സ്വയംഭരണം*

എ.കെ. ശശീന്ദ്രന് ഗതാഗതത്തിനു പകരം മറ്റൊരു വകുപ്പ് നൽകുമെന്നും സൂചന.

ടെലിവിഷൻ ന്യൂസ് റൂമിൽനിന്ന് ഇറങ്ങിയാണ് വീണ നേരെ പൊതുപ്രവർത്തനത്തിലേക്ക് കാലെടുത്ത് വെച്ചത്. മാധ്യമപ്രവർത്തകയായി ടെലിവിഷൻ ചാനലുകളിൽ തിളങ്ങിനിന്നിരുന്ന സമയത്തായിരുന്നു വീണ ജോർജിന്റെ അപ്രതീക്ഷിതമായ രാഷ്ട്രീയപ്രവേശനം. 2016-ൽ സി.പി.എം. സ്ഥാനാർഥിയായി ആറന്മുളയിൽ മത്സരിച്ച വീണാ ജോർജ് അട്ടിമറി വിജയത്തിലൂടെയാണ് നിയമസഭയിൽ എത്തിയത്. 7646 വോട്ടായിരുന്നു ഭൂരിപക്ഷം.

വീണ ജോർജ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ഇത് രണ്ടാംതവണ. 2016-ൽ കന്നിയങ്കത്തിൽ ആറന്മുളയിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.ശിവദാസൻ നായരെ പരാജയപ്പെടുത്തി ആദ്യവിജയം. 2021-ലും കൂടുതൽ ഭൂരിപക്ഷത്തോടെ അത് ആവർത്തിച്ചു.

നിയമസഭയിലെ ചർച്ചകളിലും സമ്മേളനങ്ങളിലും ഉറച്ച ശബ്ദമായിരുന്നു വീണ ജോർജ്. 2018-ലെ മഹാപ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുൻനിരയിൽ അണിനിരന്നു. ആറന്മുളയിലും പത്തനംതിട്ടയിലും കനത്ത നാശം വിതച്ച പ്രളയത്തിൽ ജനങ്ങൾക്ക് എല്ലാസഹായവും ഉറപ്പുവരുത്തി.

2019-ൽ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ആന്റോ ആന്റണിയോട് പരാജയപ്പെട്ടു. പിന്നീട് 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ രണ്ടാമങ്കം. ഇത്തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.

കേരള സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വീണാ ജോർജ് പഠനകാലത്ത് എസ്.എഫ്.ഐ. പ്രവർത്തകയായിരുന്നു. രണ്ട് വർഷം പത്തനംതിട്ട കതോലിക്കേറ്റ് കോളേജിൽ അധ്യാപികയായി ജോലിചെയ്തു. പിന്നീട് വിവിധ മലയാളം വാർത്താചാനലുകളിൽ മാധ്യമപ്രവർത്തകയായിരുന്നു. ഒരു മലയാളം വാർത്താചാനലിന്റെ എക്സിക്യുട്ടീവ് എഡിറ്റർ പദവി വഹിച്ച ആദ്യവനിതയാണ്.

ഭർത്താവ്: ഡോ. ജോർജ് ജോസഫ്. മക്കൾ: അന്ന, ജോസഫ്. മൈലപ്ര കുമ്പഴ നോർത്ത് വേലശ്ശേരി പാലമുറ്റത്ത് അഭിഭാഷകനായ പി.ഇ.കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭയിലെ മുൻ കൗൺസിലറായ റോസമ്മ കുര്യാക്കോസിന്റെയും മകളാണ് വീണാ ജോർജ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker