801 സീറ്റാക്കണം, ഒരു സീറ്റ് കൊറോണയ്ക്ക് കൂടി; പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കെതിരെ വീണ എസ് നായര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍. വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് തിരുവനന്തപുരത്ത് 800 പേര്‍ക്കുള്ള ഇരിപ്പിടം സജ്ജമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണമെന്നാണ് വീണ എസ് നായര്‍ പരിഹാസ രൂപേണ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും ലോക്ഡൗണ്‍ നീട്ടുകയും ചെയ്ത സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നത് പ്രതിസന്ധികള്‍ രൂക്ഷമാക്കുമെന്ന ആശങ്കയുണ്ട്.

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്.

ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്. ലോക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര്‍ നടപടിയെ ഐഎംഎ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 20 ന് നടകുന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായുള്ള വേദിയുടെ പണികള്‍ പുരോഗമിക്കുകയാണ്. കൊവിഡ് പ്രോട്ടോകോളും ലോക്ക്ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല. ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News