കൊട്ടാരക്കര: ഉത്രയെ രണ്ട് പ്രാവശ്യവും പാമ്പിനെ കൊണ്ട് കടിപ്പിച്ചതാണെന്ന നിഗമനത്തില്‍ വാവ സുരേഷ്. ഇക്കാര്യം വിശദീകരിച്ച് വാവ സുരേഷ് പോലീസിന് മൊഴി നല്‍കി. കൊലപാതകത്തില്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമായാണ് വാവ സുരേഷിന്റെ മൊഴി എടുത്തത്.
ഉത്രയുടെ മരണത്തില്‍ വാവ സുരേഷ് ചില സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആദ്യ തവണ ഉത്രയ്ക്ക് അണലിയുടെ കടിയേറ്റെന്ന് അറിഞ്ഞപ്പോള്‍ തന്നെ അണലി തനിയെ രണ്ടാം നിലയില്‍ എത്തില്ലെന്ന് വാവ സുരേഷ് പറഞ്ഞിരുന്നു.
മൂര്‍ഖന്‍ കടിച്ച് ഉത്ര മരണപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഉത്രയുടെ ബന്ധുവിനോട് പോലീസില്‍ പരാതി നല്‍കാന്‍ നിര്‍ദേശം നല്‍കി. പാമ്പ് ഉത്രയുടെ വീടിനുള്ളില്‍ തനിയെ കടക്കാന്‍ സാധ്യതയില്ലെന്നും ഉത്രയുടെ വീട് സന്ദര്‍ശിച്ച വാവ സുരേഷ് നിരീക്ഷിച്ചിരുന്നു.
മൂര്‍ഖന്‍ കടിച്ചപ്പോള്‍ ഉത്ര അറിയാതിരുന്നത് മയക്കുമരുന്നോ ഗുളികയോ നല്‍കിയതിനാലാവാം. ദേഹത്തേക്കു കുടഞ്ഞിട്ടാലും മൂര്‍ഖന്‍ കടിക്കാതെ വേഗത്തില്‍ കടന്നുകളയാനാണു ശ്രമിക്കുക. പാമ്പിനെ കൈയിലെടുത്ത് വേദനിപ്പിച്ച് കടിപ്പിക്കുകയോ മറ്റേതെങ്കിലും ഉപകരണം ഉപയോഗിച്ചു കടിപ്പിക്കുകയോ ചെയ്തതാകാം. ബലം പ്രയോഗിച്ചു കടിപ്പിച്ചാല്‍ ആഴത്തിലുള്ള മുറിവാകും.- വാവ സുരേഷ് നിരീക്ഷിച്ചു.