സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ദുരൂഹത; പുനരന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: പെണ്‍കുട്ടി സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവിയാണ് ഉത്തരവിട്ടത്. പീഡനശ്രമത്തിനിടെയാണ് താന്‍ സ്വാമിയെ ആക്രമിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം പരായിതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മൊഴിമാറ്റുകയും പരാതി പിന്‍വലിക്കുകയും ചെയ്തു. പരാതി പിന്‍വലിച്ചതിനെക്കുറിച്ചും അന്വേഷിക്കും.
സ്വാമിയെ മാത്രം പ്രതിയാക്കിയ പോലീസ് അന്വേഷണത്തില്‍ ഒട്ടേറെ വീഴ്ചകളുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിനായി ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടന്‍ നിയോഗിക്കും.
2017 മെയ് 19 രാത്രിയാണ് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കായി ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ച് നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും കോടതികളില്‍ പറഞ്ഞിരുന്നു. ആക്രമിച്ചത് സ്വന്തം സഹായിയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്നും ആരോപിച്ച് സ്വാമിയും പരാതി നല്‍കിയിരുന്നു.
പോലീസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിനെ പുനരന്വേഷണത്തിന് പ്രേരിപ്പിച്ചത്. ഇതുകൂടാതെ ഗൂഡാലോചന സംശയിക്കുന്ന ഒട്ടേറെ തെളിവുകള്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുമുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണ് തീരുമാനം.