KeralaNews

വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതും വളര്‍ത്തു നായയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു

വര്‍ക്കല: വീടിന് തീപിടിച്ച് എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍ ആദ്യത്തെ കുറെ സമയം അയല്‍ക്കാര്‍ക്ക് പുറത്തുനിന്നു ബഹളം കൂട്ടാനല്ലാതെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഗേറ്റ് അകത്തുനിന്നു പൂട്ടിക്കിടന്നതും വീട്ടിലെ വളര്‍ത്തു നായയെ അഴിച്ചുവിട്ടിരുന്നതുമാണ് നാട്ടുകാര്‍ക്കു അകത്തുകടക്കാന്‍ തടസമായത്.

പോര്‍ച്ചിലെ ബൈക്കുകളില്‍ തീയാളുന്നതു കണ്ട് ആദ്യമൊക്കെ നാട്ടുകാര്‍ ഉച്ചത്തില്‍ വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും തിരികെ ലഭിച്ചില്ല. ഇതോടെ നാട്ടുകാരില്‍ ഒരാള്‍ കല്ലെറിഞ്ഞ് മുകളിലത്തെ നിലയിലുള്ള ഒരു ജനല്‍ ഗ്ലാസ് പൊട്ടിച്ചു. ഗ്ലാസ് പൊട്ടിയ ഉടനെ ഇതിലൂടെ കറുത്ത പുക പുറത്തേക്കു വന്നു.

ഇതോടെ വീടിനുള്ളിലും തീയും പുകയും നിറഞ്ഞിരിക്കുകയാണെന്നു നാട്ടുകാര്‍ക്കു മനസിലായി. ഇതോടെയാണ് ഇവര്‍ വീടിന് അകത്തേക്കു കടന്നു രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചത്. ഒടുവില്‍ വീട്ടുവളപ്പില്‍ എത്തിയെങ്കിലും വീടിനു ഗ്രില്‍ പിടിപ്പിച്ചിട്ടുള്ളതിനാല്‍ വീണ്ടും അകത്തേക്കു കയറുന്നതിനു ബുദ്ധിമുട്ട് നേരിട്ടു.

മുകളിലത്തെ ഒരു വാതില്‍ ഏറെ കഷ്ടപ്പെട്ട് നാട്ടുകാര്‍ ചവിട്ടിത്തുറന്നെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാല്‍ അകത്തേക്കു കയറാന്‍ കഴിയുന്ന സ്ഥിതിയില്‍ ആയിരുന്നില്ല. അതുപോലെ അകത്തുനിന്നു രക്ഷിക്കണേയെന്നുള്ള വിളിയും പുറത്തേക്കു വന്നു. വാതില്‍ തുറന്നു പുറത്തേക്കു വരാന്‍ പുറത്തിനിന്നവര്‍ ആവശ്യപ്പെട്ടെങ്കിലും കറുത്ത പുക നിറഞ്ഞിരുന്നതിനാല്‍ വാതില്‍ എവിടെയാണെന്നു കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല.

അതുപോലെ ശ്വസിക്കാനും കടുത്ത ബുദ്ധിമുട്ട് നേരിടുകയായിരുന്നു. അതേസമയം, കുഞ്ഞ് കരയുന്ന ശബ്ദവും കേള്‍ക്കാമായിരുന്നെന്നു നാട്ടുകാരില്‍ ഒരാള്‍ മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ മുറികളും എസി ഉള്ള വീടാണിത്. എല്ലാ എസികളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇങ്ങനെ അടച്ചുപൂട്ടിയ മുറി ആയിതിനാലാണ് മുറികളില്‍ പെട്ടെന്നു പുക നിറഞ്ഞതെന്നു കരുതുന്നു. അതോടൊപ്പം വീടിനുള്ളില്‍ ഇന്റീരിയര്‍ ചെയ്തിരുന്നതും തീ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാക്കി.

ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിന് സമീപമുള്ള രണ്ടു നില വീട്ടിലാണ് ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍(62), ഭാര്യ ഷെര്‍ലി(53), ഇവരുടെ മകന്‍ അഹില്‍(25), മറ്റൊരു മകനായ നിഹുലിന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റെയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍ കുഞ്ഞ് റയാന്‍ എന്നിവര്‍ ആണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

രണ്ടു നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നതു കണ്ട അയല്‍വാസിയായ കെ. ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളിലേക്കു തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാലു ബൈക്കുകള്‍ കത്തിയിട്ടുണ്ട്. തീ ഉയരുന്നത് കണ്ടു നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് തീയണച്ച് വീട്ടിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, അപ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു. പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് കരുതുന്നു.

റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ് സ്ഥലം സന്ദര്‍ശിച്ചു. വീടിന്റെ ഉള്‍ഭാഗം മുഴുവന്‍ തീപിടിച്ചു നശിച്ചു. അഭിരാമിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കിടന്നതു മുകളിലത്തെ മുറിയിലെ ബാത്‌റൂമില്‍ ആയിരുന്നു. അഹില്‍ മുകളിലത്തെ നിലയിലും പ്രതാപനും ഷേര്‍ളിയും താഴത്തെ നിലയിലുമാണ് കിടന്നിരുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു സ്‌കൂട്ടറിനും രണ്ട് കാറുകള്‍ക്കും തീപിടിച്ചിരുന്നില്ല.

വര്‍ക്കല പുത്തന്‍ ചന്തയിലെ പച്ചക്കറി വ്യാപാരിയാണ് പ്രതാപന്‍. പ്രതാപന് മൂന്ന് ആണ്‍ മക്കളാണ് ഉള്ളത്. ഒരു മകന്‍ ബിസിനസ് ആവശ്യത്തിനായി മുംബൈയിലായിരുന്നു. തീപിടിത്തത്തിന്റെ കാരണം അടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ എസികളും കത്തി നശിച്ചു. ബൈക്കിലെ പെട്രോളില്‍ നിന്നാണോ തീപിടിത്തം ഉണ്ടായതെന്നും പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമോര്‍ട്ടവും നടത്തിയ ശേഷം സംസ്‌കാരം നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button