തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനും യാത്രക്കാർ ഏറ്റെടുത്തു കഴിഞ്ഞു. നിറയെ യാത്രക്കാരുമായിട്ടാണ് വന്ദേ ഭാരത് ട്രെയിനുകൾ യാത്ര തുടരുന്നത്. ടിക്കറ്റുകൾ അതിവേഗമാണ് വിറ്റുതീരുന്നത്. സംസ്ഥാനത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരത് ട്രെയിനിന് പിന്നാലെ രണ്ടാം വന്ദേ ഭാരതും യാത്രക്കാർ ഏറ്റെടുത്തെങ്കിലും വന്ദേ ഭാരത് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ വൈകിപ്പിക്കുന്നതായുള്ള ആരോപണം ശക്തമാണ്.
വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകാൻ മറ്റ് ജനപ്രിയ ട്രെയിനുകൾ പലയിടത്തും മിനിറ്റുകളോളം പിടിച്ചിടുന്നതാണ് എതിർപ്പിന് കാരണമാകുന്നത്. രണ്ടാം വന്ദേ ഭാരത് സർവീസ് ആരംഭിച്ചതോടെ കൂടുതൽ ട്രെയിനുകൾ പിടിച്ചിടുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
വന്ദേ ഭാരത് കടന്ന് പോകുന്നതിനായി ട്രെയിനുകൾ വൈകിപ്പിക്കുന്നുവെന്ന പരാതി വ്യാപകമായതോടെ കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ എംപി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. വന്ദേ ഭാരത് ട്രെയിനുകൾ കടന്നുപോകുമ്പോൾ മറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
നിലവിൽ വന്ദേ ഭാരത് ട്രെയിൻ കടന്നു പോകുന്നതിനായി മറ്റ് ട്രെയിനുകൾ ഇരുപത് മുതൽ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്ന് റെയിൽവേ മന്ത്രിക്കയച്ച കത്തിൽ കെ സി വേണുഗോപാൽ പറയുന്നുണ്ട്. ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം എക്സ്പ്രസ് ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്താൻ വൈകുകയാണ്.
പല ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്ന്. ഈ സാഹചര്യം തുടരുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാർഥികൾ, മറ്റ് ജോലിക്ക് പോകുന്നവർ എന്നിവർക്ക് ട്രെയിൻ പിടിച്ചിടുന്നതും വൈകിയോടുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് കത്തിൽ കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വന്ദേ ഭാരതിന് കടന്നുപോകുന്നതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്ന നടപടിയിൽ അടിയന്തര ഇടപെടലുണ്ടാകണമെന്നും കത്തിലൂടെ എംപി അറിയിച്ചു. എറണാകുളം കായംകുളം എക്സ്പ്രസ്, ജനശതാബ്ദി, വേണാട്, ഏറനാട്, പാലരുവി, നാഗർകോവിൽ കോട്ടയം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് വന്ദേ ഭാരത് കടന്ന് പോകുന്നതിനായി പാതി വഴിയിൽ കിടക്കേണ്ടി വരുന്നത്. വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തിയാൽ ഈ തടസം ഒഴിവാക്കാനാകുമെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്.