കൊച്ചി:അഭ്യൂഹങ്ങൾക്കെല്ലാമപ്പുറത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ മകൻ അഡ്വ. വി ഇ ഗഫൂറിനെ കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ലീഗ് പ്രഖ്യാപിച്ചു. അഴിമതിക്കേസിൽ കുരുക്കിലായ ഇബ്രാഹിംകുഞ്ഞിന് സീറ്റ് നൽകുന്നതിൽ യുഡിഎഫ് നേതൃത്വത്തിന് തന്നെ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ ഇബ്രാഹിംകുഞ്ഞിനെ ഒഴിവാക്കാൻ ലീഗ് നേതൃത്വത്തിനായതുമില്ല. കുഞ്ഞിനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിൽ ഏറെ ചർച്ചകൾക്ക് ശേഷം, മുൻമന്ത്രിയെ ഒഴിവാക്കി മകന് സീറ്റ് നൽകി ആ പ്രശ്നം ലീഗ് പരിഹരിച്ചു.
തന്‍റെ മകനായതുകൊണ്ടല്ല വി ഇ ഗഫൂറിന് സീറ്റ് കിട്ടിയതെന്നാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച വിവരമറിഞ്ഞ ശേഷം വി കെ ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചത്. നാല് തവണ എംഎൽഎയാകാനും രണ്ട് തവണ മന്ത്രിയാകാനും പാർട്ടി അവസരം നൽകിയെന്നും പാർട്ടിക്ക് നന്ദിയെന്നും വികാരാധീനനായി ഇബ്രാഹിംകുഞ്ഞ്. ലീഗിന്‍റെ സംഘടനാതലത്തിൽ വിവിധ പദവികൾ വഹിച്ചയാളാണ് തന്‍റെ മകൻ വി ഇ ഗഫൂർ. മറ്റുള്ളവരെപ്പോലെത്തന്നെ ജനങ്ങൾക്ക് വിധേയനായി മകനും പ്രവർത്തിക്കുമെന്നാണ് തന്‍റെ ആത്മവിശ്വാസമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി തന്‍റെ സ്ഥാനാർത്ഥിത്വത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്. പുതിയ ആളുകൾ വരട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പറയുന്നു. പാർട്ടിയോട് നന്ദിയെന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ മകനും സ്ഥാനാർത്ഥിയുമായ വി ഇ ഗഫൂർ പ്രതികരിച്ചത്.
ലീഗ് എറണാകുളം ജില്ലാ നേതൃത്വത്തിലെ പ്രബല വിഭാഗം ഇബ്രാഹിംകുഞ്ഞിനും മകനുമെതിരെ രംഗത്തെത്തിയിരുന്നു. അഴിമതിക്കേസിൽ കുരുങ്ങിയയാളുടെ കുടുംബാംഗത്തിന് തന്നെ സീറ്റ് നൽകുന്നതിനെതിരെ പാർട്ടിയുടെ പ്രാദേശികഘടകത്തിലുള്ള എതിർപ്പുകൾ എങ്ങനെ നേരിടുമെന്നതാകും ഇനി വി ഇ ഗഫൂറിന് മുന്നിലുള്ള വെല്ലുവിളികൾ. പൊതുവേ ലീഗ് കോട്ടയാണ് കളമശ്ശേരി. ജയിക്കാൻ വലിയ ബുദ്ധിമുട്ടുമുണ്ടാകില്ല.