തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളില്‍ വിശ്വാസ്യത എത്രയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും വിഷയം കോണ്‍ഗ്രസ് ആഘോഷമാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നിട്ടും ഇതിനെതിരെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി നിയമനടപടികള്‍ സ്വീകരിക്കാത്തതെന്നാണ് കോണ്‍ഗ്രസിന് ചോദിക്കാനുള്ളതെന്ന് സതീശന്‍ ചോദിച്ചു.
‘മാധ്യമങ്ങള്‍ പുറത്തുവിടുന്ന 164 സംബന്ധിച്ച വിവരങ്ങള്‍ ശരിയാണെങ്കില്‍ ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഞങ്ങളുടെ ചോദ്യം ഇപ്പോഴും, ഇതൊന്നും എടുത്ത് ഞങ്ങള്‍ ആഘോഷിക്കുന്നില്ല.’സംഭവം പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയാണ് പറയേണ്ടത് എന്താണ് സംഭവമെന്ന്. എന്നിട്ട് ഞങ്ങള്‍ പറയാം. ഇത്തരം ആളുകള്‍ പറയുന്നത് എടുത്ത് ഞങ്ങള്‍ ആഘോഷിച്ചിട്ടില്ല. ഒരു വിഷയം വരുമ്പോള്‍ അന്വേഷണം നടത്തണം. വിഷയത്തില്‍ മുഖ്യമന്ത്രിയോ സിപിഐഎം നേതാക്കളോ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ ഗൂഢാലോചനയെന്നത് സ്ഥിരം സാധനമാണ്. മുഖ്യമന്ത്രി പ്രതികരിക്കട്ടെ..’
‘ഒറ്റ ചോദ്യം, എന്തുകൊണ്ടാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിന്‍മേല്‍ നിയമനടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നില്ല. സെഷന്‍സ് 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ഇതേ കോടതിയില്‍ പരാതി നല്‍കാം. ഈ മൊഴി കളവാണെന്ന് തെളിയിച്ചാല്‍ 193-ാം വകുപ്പ് അനുസരിച്ച് അവരെ ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിക്കാം. പക്ഷെ ഇതുവരെ അനങ്ങിയിട്ടില്ല. ഈ സ്റ്റേറ്റ്മെന്റ് കുറ്റസമ്മത മൊഴി അല്ല. ഇത് സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച ശേഷം കോടതി എടുക്കുന്ന തെളിവാണ്.’
‘ഈ മൊഴിയില്‍ കള്ളം പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാം. ഏഴ് വര്‍ഷത്തേക്ക് ശിക്ഷിക്കാം. രണ്ട് സെഷന്‍സ് കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞ് കേസ് കൊടുക്കാം. അവിടെയും സത്യമില്ലെന്ന് തെളിയിക്കേണ്ടി വരും. ഈ രണ്ട് കാര്യങ്ങളും ചെയ്യുന്നില്ല.’അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവിലൂടെയാണ് വിഡി സതീശന്‍ ഇത് വെളിപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങള്‍. മകള്‍ വീണയുടെ ബിസിനസിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സത്യവാങ്മൂലത്തില്‍ സ്വപ്‌നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസില്‍ അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടന്നുവെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചര്‍ച്ചയില്‍ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.
2017ല്‍ ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ വസതിയിലെത്തി. 2017 സെപ്തംബര്‍ 27ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ നിന്ന് താനുള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തി. തുടര്‍ന്ന് മകളുടെ വ്യവസായ സംരംഭത്തിന് മുഖ്യമന്ത്രി ഷാര്‍ജ ഭരണാധികാരിയുടെ പിന്തുണ തേടി. ഈ വിഷയത്തില്‍ ഷാര്‍ജയിലെ ഐടി മന്ത്രിയുമായി അദ്ദേഹം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ഭരണാധികാരിയുടെ കുടുംബാംഗങ്ങളുടെ എതിര്‍പ്പ് കാരണം അത് പിന്നീട് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. കോവളത്ത് വച്ച് ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യക്ക് ഒരു സമ്മാനം നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യ ശ്രമിച്ചു. എന്നാല്‍ ഇത്തരം സമ്മാനങ്ങള്‍ അവര്‍ സ്വീകരിക്കില്ല എന്ന് പറഞ്ഞ് താനാണ് മുഖ്യമന്ത്രിയുടെ ഭാര്യയെ പിന്തിരിപ്പിച്ചതെന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
കോണ്‍സുലേറ്റില്‍ നിന്ന് ബിരിയാണി ചെമ്പ് കൊണ്ടുപോയി എന്ന ആരോപണം സാധൂകരിക്കാന്‍ കൂടുതല്‍ വിവരങ്ങളും സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. സാധാരണത്തേക്കാള്‍ വലിപ്പമുള്ള ബിരിയാണി ചെമ്പിലാണ് കോണ്‍സുലേറ്റില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുപോയത്. പൊതിഞ്ഞ നിലയിലായിരുന്നതിനാല്‍ കൊണ്ടുപോകുന്നവര്‍ക്ക് പോലും അതില്‍ എന്താണ് എന്ന് മനസ്സിലാക്കാനായിരുന്നില്ല. നാലുപേര്‍ താങ്ങി, കോണ്‍സുല്‍ ജനറലിന്റെ വാഹനത്തിലാണ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയത്. അതിനുവേണ്ട സഹായം ശിവശങ്കര്‍ ചെയ്തു കൊടുത്തു. അത് എത്തുന്നവരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായിരുന്നുവെന്നും സ്വപ്‌ന സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് വാട്ട്‌സാപ്പ് ചാറ്റ് വിവരങ്ങള്‍ കോടതി കസ്റ്റഡിയിലുള്ള ഫോണിലുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ രഹസ്യമൊഴിയായി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സ്വപ്‌ന സമീപിച്ചിരുന്നു. ഇതിനായി സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ ഉള്ളത്. ഈ മാസം 6 നാണ് രഹസ്യമൊഴി രേഖപ്പെടുത്താന്‍ സ്വപ്‌ന കോടതിയുടെ സമ്മതം തേടിയത്.
അതേസമയം ആരോപണങ്ങള്‍ തള്ളുകയാണ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ. അന്വേഷണ ഏജന്‍സികള്‍ ചോദിക്കുമ്പോള്‍ താന്‍ കാര്യങ്ങള്‍ പറയാമെന്ന് നളിനി നെറ്റോ പറഞ്ഞു. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളില്‍ വസ്തുതയില്ലെന്നും അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.