രാഹുല്‍ ഗാന്ധിയെ വിടാതെ ഇ.ഡി.; ഒരുദിവസത്തെ ഇടവേള, ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ച തുടരും
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് തുടരും. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം വെള്ളിയാഴ്ച ഹാജരാകാന്‍ രാഹുലിന് ഇ.ഡി.നോട്ടീസ് നല്‍കി. ബുധനാഴ്ച ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് രാഹുലിനെ വിട്ടയച്ചത്.
രാവിലെ 11.35 ഓടെയാണ് ഇന്ന് രാഹുല്‍ ഇ.ഡി.ഓഫീസില്‍ ഹാജരായത്. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.
ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി പരിസരത്ത് ഇന്നും കോണ്‍ഗ്രസിന്റെ കനത്ത പ്രതിഷേധമാണ് ഉണ്ടായത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍, സച്ചിന്‍ പൈലറ്റ്, കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പി ജെബി മേത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. ജെബി മേത്തറിനെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് കൊണ്ടുപോയത്.
എന്താണ് നാഷണല്‍ ഹൊറാള്‍ഡ് കേസ്
ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ പരാതി.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്പനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. 2012 നവംബറിലാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതിയുമായി രംഗത്തെത്തിയത്.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള പത്രമെന്ന് വാഴ്ത്തപ്പെട്ടിരുന്ന ‘നാഷണല്‍ ഹെറാള്‍ഡ്’ പ്രസിദ്ധീകരണത്തിന്റെ 70 ാം വര്‍ഷമായ 2008 ഏപ്രില്‍ ഒന്നിനാണ് അച്ചടി നിര്‍ത്തിയത്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ ജിഹ്വയായി ജവാഹര്‍ലാല്‍ നെഹ്രു സ്ഥാപിച്ചതാണ് ഇംഗ്ലീഷില്‍ ‘നാഷണല്‍ ഹെറാള്‍ഡും’ഉറുദുവില്‍’ക്വാമി ആവാസും’..More…
സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ഇങ്ങനെ
ഒന്ന്: സോണിയയും രാഹുലും ചേര്‍ന്ന് 2010 നവംബറില്‍ യങ് ഇന്ത്യന്‍ എന്ന പേരില്‍ സ്വകാര്യ കമ്പനി രൂപവത്കരിച്ചു. ഈ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് (എ.ജെ.) ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു. നാഷണല്‍ ഹെറാള്‍ഡ്, ക്വാമി ആവാസ് എന്നീ പത്രങ്ങളുടെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വസ്തുവകകളുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ചാണ് ഹെറാള്‍ഡ് ഹൗസ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ബ്രിട്ടീഷ് പ്രസിദ്ധീകരണങ്ങള്‍ക്ക് ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യവുമായി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ 70 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനം. ഈ കമ്പനിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം 2008ലാണ് പ്രസിദ്ധീകരണം നിര്‍ത്തിയത്.
രണ്ട്: കമ്പനി രജിസ്ട്രാര്‍ക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിര്‍ള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേര്‍ക്ക് യങ് ഇന്ത്യന്‍ കമ്പനിയില്‍ ഓഹരിയുണ്ട്. ഓഹരിയുടമകളില്‍ 80 ശതമാനം പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മൂന്ന്: നിയമവിരുദ്ധമായ കാര്യങ്ങളാണ് കമ്പനി രജിസ്ട്രാര്‍ക്ക് മുന്നില്‍ എ.ജെ. ലിമിറ്റഡ് സമര്‍പ്പിച്ചത്. 2011 ഫിബ്രവരി 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്പാര്‍ട്ടിക്കും കമ്പനികള്‍ക്ക് വായ്പ നല്‍കാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേര്‍ന്ന് രൂപംകൊടുത്ത യങ്ഇന്ത്യന്‍ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനിയില്‍ ഇരുവര്‍ക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളില്‍ ഇരുവര്‍ക്കും അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തില്‍ ഇവരുടെ സ്വകാര്യസ്വത്താണിത്. ഇതു കൂടാതെ 2.6 ലക്ഷം ഓഹരികള്‍ പ്രിയങ്കാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.
നാല്: കമ്പനി രജിസ്ട്രാര്‍ക്ക് യങ് ഇന്ത്യന്‍ സമര്‍പ്പിച്ച വിവരങ്ങളനുസരിച്ച് അതിന്റെ ഓഹരിയുടമകളുടെ യോഗം സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 10ജന്‍പഥില്‍ ചേര്‍ന്നുവെന്ന് കാണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വീട് വാണിജ്യാവശ്യങ്ങള്‍ക്കോ കച്ചവട ഇടപാടുകള്‍ക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അഞ്ച്: 90 കോടി ബാധ്യതയുണ്ടെന്ന് അറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നത് സത്യസന്ധമായ വിവരമല്ല. പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ആറ്: 2008ല്‍ കമ്പനിയുടെ 38 ശതമാനം ഓഹരി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ്കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്.
ഏഴ്: വായ്പ നല്‍കിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയുടെ ചെയര്‍മാന്‍ എ.ഐ.സി.സി.യുടെ ഖജാന്‍ജി കൂടിയായ മോത്തിലാല്‍ വോറയാണ്.
യുവാക്കളുടെ ഉന്നമനത്തിനായി രൂപംനല്‍കിയ യങ് ഇന്ത്യ കേരളത്തില്‍ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങിയതായി അവകാശപ്പെടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷനും കത്തയച്ചിട്ടുണ്ട്. ഇത് സി.ബി.ഐ. അന്വേഷിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.