ഉത്ര വധക്കേസ്: പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം; പാമ്പിന്‍കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുമായിരിന്നു

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ്. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനം വകുപ്പധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്.

സുരേഷിന്റെ പക്കല്‍നിന്നാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. ഇയാള്‍ മൂര്‍ഖനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിനോടു പറഞ്ഞതായും തെളിവെടുപ്പില്‍ വ്യക്തമായി.

സുരേഷ് മൂര്‍ഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി വീണ്ടും തെളിവെടുത്തു. മൂര്‍ഖന്‍ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതല്‍ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചു. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News