മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട്: മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്‍മുഖം(50) ആണ് തിങ്കളാഴ്ച രാത്രി 8.45ഓടെ കുഴഞ്ഞുവീണ് മരിച്ചത്. ഇതേത്തുടര്‍ന്ന് നടുവണ്ണൂര്‍ പേരാമ്പ്ര സംസ്ഥാനപാതയില്‍ കരുമ്പാപ്പൊയിലിലെ സ്വകാര്യ ആശുപത്രിയാണ് അണുനശീകരണത്തിനായി അടച്ചിട്ടത്.

സംസ്ഥാന പാതയിലൂടെ പോവുകയായിരുന്ന ഷണ്‍മുഖം ആശുപത്രിക്ക് മുന്നില്‍ ലോറി നിര്‍ത്തി പെട്ടെന്ന് രക്ഷിക്കണേയെന്നു പറഞ്ഞ് ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനാല്‍ ഇസിജിയെടുത്തു. തൊട്ടുപിന്നാലെ ഷണ്‍മുഖം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ഇത് ആശുപത്രി ജീവനക്കാരെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തി. മരണശേഷം ആശുപത്രിയിലുള്ള ആരെയും പുറത്തേക്ക് വിടുകയോ പുറത്തുനിന്ന് ആരെയും പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. ഷണ്‍മുഖത്തിന്റെ മൃതദേഹം ആംബുലന്‍സില്‍ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമായാണ് ആശുപത്രി അടച്ചിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News