ഗര്‍ഭിണിയായ ഭാര്യ മരിച്ചതില്‍ മനംനൊന്ത് യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

മുംബൈ: ഗര്‍ഭിണിയായ ഭാര്യ മരിച്ചതില്‍ മനംനൊന്ത് യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ചന്ദ്രപൂരിലെ ഭാനഗരം തലോദി ഗ്രാമത്തിലാണ് സംഭവം. കിഷോര്‍ ഖാതിക് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഭാര്യ രുചിതയുടെ ചിതയില്‍ ചാടി മരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാള്‍ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.

ഗര്‍ഭിണിയായിരുന്ന രുചിത കഴിഞ്ഞ ദിവസം അസുഖ ബാധിതയായി മരിച്ചു. ഇതോടെ ആകെ തകര്‍ന്ന കിഷോര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രുചിതയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കിഷോര്‍ കത്തുന്ന ചിതയിലേക്ക് ചാടിയിരിന്നു.

എന്നാല്‍, സമീപമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് ഇന്‍സ്‌പെക്ടര്‍ സന്ദീപ് ദോബെ പറയുന്നു. ഇതിനിടെ കിഷോറിന്റെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. സംഭവം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ ശ്മശാനത്തിന് സമീപമുളള കിണറ്റിലേക്ക് കിഷോര്‍ ചാടി. ബന്ധുക്കള്‍ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മാര്‍ച്ച് 19നാണ് രുചിതയും കിഷോറും തമ്മിലുള്ള വിവാഹം നടന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News